Enter your Email Address to subscribe to our newsletters
Idukki, 21 ഒക്റ്റോബര്‍ (H.S.)
ഗവൺമെന്റ് നഴ്സിംഗ് കോളേജ് വിഷയത്തിൽ സിപിഐഎം ഓഫീസിൽ യോഗം ചേർന്നിട്ടില്ലെന്ന് സി. വി. വർഗീസ്. പ്രിൻസിപ്പലിന്റെ വാട്ട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം. കോളജ് പ്രിൻസിപ്പലും വിദ്യാർത്ഥികളും തന്നെ വന്ന് കണ്ട് ഹോസ്റ്റലുമായി ബന്ധപ്പെട്ട പ്രശ്നം പറഞ്ഞു. സർക്കാർ നോമിനികളെന്ന നിലക്കാണ് വിഷയത്തിൽ ഇടപെട്ട് കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഒരുക്കിയത്. സിപിഐഎം ഓഫീസിൽ യോഗം ചേർന്നിട്ടില്ലെന്നും സി. വി. വർഗീസ് വ്യക്തമാക്കി.
സിപിഐഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ പങ്കെടുക്കാൻ പ്രിൻസിപ്പാൾ ജിജി ജോൺ നിർദ്ദേശിക്കുന്ന വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത് വന്നിരുന്നു. സിപിഐഎം ജില്ലാ ജില്ലാ സെക്രട്ടറിയുടെ അപ്പോയിൻമെന്റ് കിട്ടിയിട്ടുണ്ടെന്നും എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗത്തിന് എത്തണമെന്നും പ്രിൻസിപ്പാളിന്റെ നിർദേശം നൽകിയതായി ചാറ്റിൽ കാണിക്കുന്നു.
ഇടുക്കി നഴ്സിംഗ് കോളേജ് പൂട്ടിക്കാൻ CV വർഗീസും പ്രിൻസിപ്പലും ഗൂഢാലോചന നടത്തുന്നുവെന്ന് ഡീൻ കുര്യാക്കോസ് എം പി ആരോപിച്ചിരുന്നു. ആ സ്ഥാനത്ത് ഇരിക്കാൻ നഴ്സിങ് കോളജ് പ്രിൻസിപ്പൽ യോഗ്യനല്ല. പ്രിൻസിപ്പൽ സി.വി. വർഗീസിന്റെ നിഴലായി നിൽക്കുന്നുവെന്നും എംപി പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാർഥികളെ പ്രിൻസിപ്പൽ വെല്ലുവിളിച്ചതായും പരാതി ഉയർന്നിരുന്നു.
ഈ സർക്കാർ കൊണ്ടുവന്ന കോളേജ് അടയ്ക്കാനും അറിയാമെന്ന് വർഗീസ് മുന്നറിയിപ്പ് നൽകി എന്നാണ് പരാതി. സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെയും പിടിഎ പ്രതിനിധികളുടെയും യോഗത്തിലാണ് വർഗീസിൻ്റെ വെല്ലുവിളിയെന്ന് പിടിഎ പ്രതിനിധി രാജി മോൾ പറഞ്ഞു. ഹോസ്റ്റൽ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം നടത്തുകയായിരുന്നു. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി വിവിധ നഴ്സിങ് സംഘടനകളും രക്ഷിതാക്കളും ഒപ്പമുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR