Enter your Email Address to subscribe to our newsletters
Idukki, 21 ഒക്റ്റോബര്‍ (H.S.)
വേണമെങ്കില്‍ വിദ്യാർത്ഥികള്‍ പഠിച്ചാല്‍ മതിയെന്നും, കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്ക് അറിയാമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസാണ് നഴ്സിംഗ് വിദ്യാർത്ഥികള്‍ക്കെതിരെ ഭീഷണി മുഴക്കി.
വേണമെങ്കില്‍ പഠിച്ചാല്‍ മതിയെന്നും ജില്ലാ സെക്രട്ടറി വിദ്യാർത്ഥികളോട് പറഞ്ഞു. ഇടുക്കി സർക്കാർ നഴ്സിംഗ് കോളജിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സമരം ചെയ്ത വിദ്യാർത്ഥികളോടായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയുടെ ധിക്കാരപരമായ സമീപനം. രക്ഷകർത്താക്കളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
വിദ്യാർത്ഥികള്‍ കഴിഞ്ഞ 16നാണ് ഇടുക്കി സർക്കാർ നഴ്സിംഗ് കോളജിലെ വിദ്യാർത്ഥികള്‍ സമരം നടത്തിയത്. മന്ത്രി റോഷി അഗസ്റ്റിൻ വാഗ്ദാനം നല്‍കിയ, പൈനാവിലുള്ള ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഇതിനു പിന്നാലെയാണ് വിദ്യാർത്ഥികളുമായി ഒത്തുതീർപ്പ് ചർച്ചക്ക് അധികൃതർ തയ്യാറായത്. കഴിഞ്ഞ 18ന് കലക്ടറുടെ ഓഫിസില്‍ ചർച്ച നടത്താനായിരുന്നു തീരുമാനം.
എന്നാല്‍, അന്നേദിവസം കലക്ടർ ഇല്ലാത്തതിനാല്‍ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ ചെറുതോണിയിലെ ഓഫിസിലേക്കു മാറ്റുകയായിരുന്നു. കോളജ് പ്രിൻസിപ്പല്‍, രണ്ട് അധ്യാപകർ, പിടിഎ പ്രസിഡന്റ്, രണ്ട് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍, അഞ്ച് വിദ്യാർത്ഥി പ്രതിനിധികള്‍ എന്നിവർ പാർട്ടി ഓഫിസിലെ യോഗത്തില്‍ പങ്കെടുത്തു.
പൈനാവിലുള്ള ഹോസ്റ്റല്‍ വിട്ടുകിട്ടണമെന്ന വിദ്യാർത്ഥികളുടെ പ്രധാന ആവശ്യത്തോട് ജില്ലാ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ: ''നിങ്ങള്‍ എത്ര സമരം ചെയ്താലും ഒരു പ്രയോജനവുമില്ല, ഞങ്ങളുടെ സർക്കാരാണ് നഴ്സിങ് കോളജ് കൊണ്ടുവന്നതെങ്കില്‍ അത് ഇല്ലാതാക്കാനും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഒരുക്കിത്തരുന്ന താമസസൗകര്യത്തില്‍ താമസിക്കാൻ കഴിഞ്ഞില്ലെങ്കില്‍ നഴ്സിങ് കോളജ് പാർട്ടിക്കാർ വേണ്ടെന്നുവയ്ക്കും.''
പിടിഎക്കാർ പറയുന്നതു കേട്ട് വിദ്യാർത്ഥികള്‍ തുള്ളാൻ നിന്നാല്‍ നിങ്ങളുടെ രണ്ടു വർഷം പോയിക്കിട്ടുമെന്നും സെക്രട്ടറി പരിഹസിച്ചു. നഷ്ടം വിദ്യാർഥികള്‍ക്കു മാത്രമാണെന്നും എന്തു സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം കടുപ്പിച്ചു പറയുക മാത്രമല്ല വിദ്യാർഥികള്‍ക്കു വേണ്ടി ശബ്ദമുയർത്തിയ പിടിഎ അംഗത്തോട് ''എന്നെപ്പറ്റി ശരിക്കും അറിയാമോ?'' എന്ന ഭീഷണി മുഴക്കിയെന്നും യോഗത്തില്‍ പങ്കെടുത്തവർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR