Enter your Email Address to subscribe to our newsletters
Thiruvananthapuram, 21 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിയുന്ന സ്പോണ്‍സർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണം സംഘം (എസ്‌ഐടി) വിട്ടയച്ചു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇന്നലെ രാത്രി അനന്തസുബ്രഹ്മണ്യത്തെ വിട്ടയച്ചത്. നോട്ടീസ് നല്‍കിയാണ് ഇയാളെ വിട്ടയച്ചതെന്ന് പ്രത്യേക അന്വേഷണം സംഘം വ്യക്തമാക്കി. നിലവില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്തത്. ശബരിമലയില്‍ നിന്ന് ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യമാണെന്ന് എസ്‌ഐടി കണ്ടെത്തിയിരുന്നു. ഈ പാളികള്‍ പിന്നീട് നാഗേഷിന് കൈമാറിയതും ഇയാളാണ്.
അതേസമയം സന്നിധാനത്ത് നടന്നത് സ്വർണകൊള്ള തന്നെയെന്നാണ് പ്രത്യേക അന്വേഷണം സംഘം കണ്ടെത്തിയിട്ടുള്ളത്കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വർണം കവർന്നത്. ഹൈക്കോടതിയില്‍ ഇന്നു നല്‍കുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് എസ്‌ഐടി ഇക്കാര്യം അറിയിക്കുക. 1998ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ അടക്കം വിജയ് മല്യ സ്വർണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വർണം പൂശി നല്‍കിയാല്‍ പിടിക്കപ്പെടില്ലെന്നുമുളള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവർച്ച ആസൂത്രണം ചെയ്തത്. ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റുചെയ്തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും.
സന്നിധാനത്തെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്ന് മുതല്‍ ഹൈക്കോടതിയിലെ നടപടികള്‍ അടച്ചിട്ട കോടതി മുറിയിലായിരിക്കും പരിഗണിക്കുക. ഇത് സംബന്ധിച്ച് ഹൈക്കോടതി റജിസ്ട്രാര്‍ ഉത്തരവിറക്കി. രണ്ടാമത്തെ ഐറ്റമായ ഹര്‍ജി ഇന്ന് ഒന്നാമത്തെ ഐറ്റമായി തന്നെ ദേവസ്വം ബെഞ്ച് പരിഗണിക്കും. ശബരിമല സ്വർണക്കളളയില്‍ ഓരോ രണ്ടാഴ്ച കൂടുമ്ബോള്‍ അന്വേഷണ പുരോഗതി റിപ്പോർട് നല്‍കാൻ ദേവസ്വം ബെഞ്ച് നിർദേശിച്ചിരുന്നു.
അനന്തസുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണം സംഘം വിട്ടയച്ചുവെങ്കിലും ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. മഹസർ പ്രകാരം ഇളക്കിയെടുത്ത ലോഹപാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏല്‍പ്പിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, 2019 ജൂലൈ 19-ലെ മഹസർ പ്രകാരം യഥാർത്ഥത്തില്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തായ അനന്തസുബ്രഹ്മണ്യമാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പേരിന് നേരെ ഒപ്പിട്ടിരിക്കുന്നത് അനന്തസുബ്രഹ്മണ്യമാണ്. സ്വർണം പൂശുന്നതിനായി ദ്വാരപാലക ശില്പങ്ങളുടെ പാളികള്‍ സന്നിധാനത് നിന്ന് ഏറ്റുവാങ്ങി ബംഗ്ലൂരുവിലേക്ക് കൊണ്ടുപോയത് അനന്ത സുബ്രഹ്മണ്യമാണ്. ഇവിടെ നിന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസില്‍ എത്തിക്കുന്നതിനിടെ സ്വർണം കവർന്നു എന്നാണ് എസ്‌ഐടി നിഗമനം.
അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിക്ക് കൈമാറും. ബോർഡ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കും എതിരെ കസ്റ്റഡിയില്‍ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ റിപ്പോർട്ടിലുണ്ടാകും. താൻ ഒറ്റയ്ക്കല്ലെന്നും, ബോർഡ് അംഗങ്ങളുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ശബരിമലയില്‍ കൊള്ള നടന്നതെന്നുമാണ് ചോദ്യം ചെയ്യലില്‍ പോറ്റി വെളിപ്പെടുത്തിയത്. ഇതിനായി ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ ഗൂഢാലോചന നടന്നെന്നും താൻ വെറും ഇടനിലക്കാരൻ മാത്രമാണെന്നുമാണ് പോറ്റിയുടെ മൊഴി. ഈ വെളിപ്പെടുത്തലുകള്‍, കഴിഞ്ഞ രണ്ടാഴ്ചക്കിടെ ബെംഗളൂരുവിലും ചെന്നൈയിലും നടത്തിയ പരിശോധനകളുടെ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള റിപ്പോർട്ടാണ് ഹൈക്കോടതിയില്‍ സമർപ്പിക്കുക. പഴയ ബോർഡ് അംഗങ്ങള്‍ക്ക് പുറമെ നിലവിലുള്ള ബോർഡ് അംഗങ്ങളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമോ എന്നും റിപ്പോർട്ടില്‍ വ്യക്തമാക്കിയേക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR