Enter your Email Address to subscribe to our newsletters
Kochi, 21 ഒക്റ്റോബര്‍ (H.S.)
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ കുട്ടി ഇന്ന് ടിസി വാങ്ങില്ല. ഹൈക്കോടതി തീർപ്പുകല്‍പിക്കും വരെ ടി സി വാങ്ങില്ലെന്ന് അഭിഭാഷകൻ അമീൻ ഹസൻ പറഞ്ഞു.
സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോള്‍ ഹിജാബ് ധരിച്ച് സ്കൂളില്‍ പോകാവുന്ന സാഹചര്യമുണ്ട്. പക്ഷേ സാമൂഹിക സംഘർഷം ഉണ്ടാക്കാൻ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ കോടതി ഉത്തരവിന് കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ പറഞ്ഞു. കോടതി ഉത്തരവ് വന്നാലും മാനേജ്മെൻ്റ് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ കുട്ടിക്ക് സ്കൂളില്‍ പോകാൻ കഴിയാതെ വരും. സമവായത്തിൻ്റെ അന്തരീക്ഷം ഉണ്ടായാല്‍ മാത്രമേ കുട്ടി അതേ സ്കൂളില്‍ തുടർന്ന് പഠിക്കൂവെന്നും അഡ്വ. അമീൻ ഹസൻ കൂട്ടിച്ചേർത്തു. ഈവരുന്ന വെള്ളിയാഴ്ചയാണ് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.
അതേസമയം, തുടർച്ചയായ അവധിക്ക് ശേഷം സ്കൂള്‍ ഇന്ന് തുറക്കും. സെന്റ് റീത്താസ് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാർത്ഥിയെ പുറത്തുനിർത്തിയത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടില്‍ പറഞ്ഞത്.
സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാൻ തയ്യാറാണെന്നായിരുന്നു പ്രിൻസിപ്പല്‍ പറഞ്ഞത്. എന്നാല്‍ വിദ്യാർത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാൻ ഒരുങ്ങുകയാണെന്നായിരുന്നു പിതാവ് അറിയിച്ചിരുന്നത്. സ്‌കൂളില്‍ നിന്നും വിടുതല്‍ സർട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും പിതാവ് അറിയിച്ചിരുന്നു. പന്നീടാണ് നിലപാട് മാറ്റിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR