Enter your Email Address to subscribe to our newsletters
Kerala, 21 ഒക്റ്റോബര്‍ (H.S.)
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പോത്തന്‍കോട് സ്വദേശിയായ 78 വയസ്സുകാരിയാണ് ഇന്ന് മരിച്ചത്. രണ്ടു ദിവസത്തിനുള്ളില്‍ തിരുവനന്തപുരത്ത് ഈ രോഗം ബാധിച്ച് രണ്ടുപേരാണ് മരിച്ചിരിക്കുന്നത്. ഇന്നലെ കുളത്തൂര്‍ സ്വദേശിയായ പതിനെട്ടുകാരിയും മരിച്ചിരുന്നു. മരണസംഖ്യ വര്‍ദ്ധിക്കുന്നതിനൊപ്പം തന്നെ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.
ഇന്നലെ സംസ്ഥാനത്തു നാലു പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് രോഗബാധയും മരണവും കൂടുമ്പോഴും ആരോഗ്യവകുപ്പിന് ഇപ്പോഴും കാര്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നോട്ടുപോകാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. രോഗത്തിന്റെ ഉറവിടത്തില്‍ പോലും പല കേസുകളിലും വ്യക്തത പോലും ഇല്ലാത്ത് അവസ്ഥയാണ്.
കഴിഞ്ഞ വര്‍ഷം 38 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍ ഈ വര്‍ഷം കണക്കുകള്‍ കുത്തനെ ഉയരുകയാണ്. ഇതുവരെ 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം മാത്രം 45 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 7 പേര്‍ മരിക്കുകയും ചെയ്തു. ഇത്രയും ഗുരുതരമായ സാഹചര്യമായിട്ടും പഠനം നടക്കുന്നുണ്ട് എന്ന് മാത്രമാണ് ആരോഗ്യ വകുപ്പും മന്ത്രി വീണ ജോര്‍ജും പറഞ്ഞ് കൊണ്ടിരിക്കുന്നത്.
അമീബിക്ക് മസ്തിഷ്‌കജ്വരം - പ്രതിരോധ മാര്‍ഗങ്ങള്‍
· നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.
· നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.
· ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.
· ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.
· നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.
· സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.
· തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.
· ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.
· ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക
· പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.
· ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.
---------------
Hindusthan Samachar / Sreejith S