Enter your Email Address to subscribe to our newsletters
Thiruvananthapuram, 21 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ സംഘടിപ്പിച്ച ഡി.ജെ. പാർട്ടിക്കിടെ കൂട്ടത്തല്ല്. നഗരത്തിലെ ഹോട്ടലില്‍ സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് രണ്ടു സംഘങ്ങളായി തിരിഞ്ഞ് തമ്മിലടി നടന്നത്.ലഹരി കേസിലെ പ്രതിയും കൊലപാതക കേസിലെ പ്രതിയുമെല്ലാം പാർട്ടിയില്‍ പങ്കെടുത്തു.
സംഭവത്തില്‍ തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിന് പൊലീസ് നോട്ടീസ് നല്‍കി. അടിപിടിയില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് സ്വമേധയാ കേസെടുക്കും. പാളയത്തെ ഹോട്ടലിലും ഇതിനുപിന്നാലെ റോഡിലും ചേരിതിരിഞ്ഞ് അടി നടന്നു. റോഡില്‍ നടന്ന തല്ലിനാണ് പൊലീസ് സ്വമേധയാ കേസെടുക്കുക.ഹോട്ടലിനുള്ളിലും പിന്നീട് റോഡിലുമാണ് ഏറ്റുമുട്ടലുണ്ടായത്.
ഡി.ജെ. പാർട്ടി സംഘടിപ്പിച്ച ഹാളില്‍ സി.സി.ടി.വി. സംവിധാനം ഉണ്ടായിരുന്നില്ലെന്നും, പാർട്ടിയുടെ സംഘാടകരെക്കുറിച്ചുള്ള വിവരങ്ങള്‍ ഹോട്ടല്‍ അധികൃതർ പോലീസിന് കൈമാറിയില്ലെന്നും നോട്ടീസില്‍ പറയുന്നു. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുകയാണെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിക്കേറ്റ ഒരാള്‍ ആദ്യം പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. നിലവില്‍ സംഭവത്തില്‍ പരാതിക്കാരില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR