Enter your Email Address to subscribe to our newsletters
New delhi, 21 ഒക്റ്റോബര്‍ (H.S.)
ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ഡല്‍ഹിയില്‍ ജനജീവിതം തീര്‍ത്തും ദുഷ്‌കരം. രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. ഇന്നു രാവിലെ പുകമഞ്ഞു മൂടിയ നിലയിലാണ് ഡല്‍ഹിയില്‍ മിക്കയിടങ്ങളും. 347 ആണ് ഇപ്പോഴത്തെ ശരാശരി വായു ഗുണനിലവാര സൂചിക. 'വളരെ മോശം' നിലയിലാണിത്. ഡല്‍ഹിയിലെ 38 നിരീക്ഷണ കേന്ദ്രങ്ങളില്‍ മുപ്പത്തിയാറും വായു ഗുണനിലവാരത്തില്‍ റെഡ് സോണിലാണുള്ളത്.
ദീപാവലിയുടെ ഭാഗമായി വന്‍തോതില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് മലിനീകരണ തോത് ഉയര്‍ത്തുകയാണ്. മലിനീകരണം തടയുന്നതിനായി ഇത്തവണ കര്‍ശന നിര്‍ദേശങ്ങളുണ്ടായിരുന്നു. ഹരിത പടക്കങ്ങള്‍ മാത്രം പൊട്ടിക്കാനായിരുന്നു സുപ്രീംകോടതി അനുമതി നല്‍കിയിരുന്നത്. ദിവസം രാവിലെ 8 മുതല്‍ രാത്രി 10 വരെയുമാണ് പടക്കം പൊട്ടിക്കാന്‍ അനുമതിയുള്ളത്. ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ രണ്ടാംഘട്ടം ഞായറാഴ്ച നടപ്പാക്കിത്തുടങ്ങിയിരുന്നു. എന്നാല്‍ ഇതൊന്നും ഗുണം ചെയ്തില്ല.
ദീപാവലി ദിവസം രാത്രി 10 മണിക്ക് ഡല്‍ഹിയിലെ നാല് നിരീക്ഷണ കേന്ദ്രങ്ങളില്‍ വായു ഗുണനിലവാര സൂചിക ഏറ്റവും അപകടകരമായ തോതായ 400ന് മുകളില്‍ കടന്നു. ദ്വാരക (417), അശോക് വിഹാര്‍ (404), വസീര്‍പുര്‍ (423), ആനന്ദ് വിഹാര്‍ (404) എന്നിങ്ങനെയാണിത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും വായു ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലെത്താന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
---------------
Hindusthan Samachar / Sreejith S