താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു; വൻ സംഘര്‍ഷം, എസ്‍പി ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്
Thamarassery, 21 ഒക്റ്റോബര്‍ (H.S.) കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു; വൻ സംഘര്‍ഷം, എസ്‍പി ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്


Thamarassery, 21 ഒക്റ്റോബര്‍ (H.S.)

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിനിടെ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു. സംഘര്‍ഷത്തിൽ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും സമരക്കാർക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.

താമരശ്ശേരി അമ്പായത്തോടിലെ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെ ഏറെ നാളായി സമരത്തിലാണ് നാട്ടുകാര്‍. മൂന്ന് പഞ്ചായത്തുകളിലെ ജനജീവിത്തെ ദുസഹമാക്കുന്നതാണ് ഇവിടെ നിന്നു വമിക്കുന്ന ദുര്‍ഗന്ധമെന്നാണ് പരാതി.

സംഘര്‍ഷത്തിൽ 20ലധികം പൊലീസുകാര്‍ക്കും നിരവധി നാട്ടുകാര്‍ക്കുമാണ് പരിക്കേറ്റത്. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്. നേരത്തെയും ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നെങ്കിലും ഇത്രയം വലിയ സംഘര്‍ഷത്തിലേക്ക് പോയിരുന്നില്ല.

സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. കല്ലേറ് ഉണ്ടായതോടെയാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തത്.പരിക്കേറ്റ എസ്‍പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രഷ് കട്ടിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. അതിനിടയിൽ ഇന്ന് പുലർച്ചെ വീടുകളിലെത്തി പൊലീസ് സമരക്കാരെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമം നടത്തി. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ മുൻപ് ഉണ്ടായിരുന്ന കേസുകളിലെ പ്രതികളെ പിടികൂടുന്നതിനാണ് എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. സമരം ഏറെ വൈകിയും തുടർന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരവധി പേരാണ് പ്രതിഷേധവുമായി സ്ഥാപനത്തിനു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

സംഘർഷം കനത്തതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കൂടുതൽ പൊലീസ് സേന താമരശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് സമരക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്യാനാണ് പൊലീസിൻ്റെ ശ്രമം. പരിക്കേറ്റ പൊലീസുകാരെ താമരശ്ശേരി ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം പരിക്കേറ്റ സമരക്കാരെ നീക്കം ചെയ്യുന്നതിന് പൊലീസ് അനുവദിക്കുന്നില്ല എന്നാണ് സമരക്കാർ പറയുന്നത്.

---------------

Hindusthan Samachar / Roshith K


Latest News