Enter your Email Address to subscribe to our newsletters
palayam , 21 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അൽപ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം ഉണ്ടായത്. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധാക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ബി ഓ ടി അടിസ്‌ഥാനത്തിലാണ് പുതിയ കെട്ടിടം വരുന്നത്. അതുകൊണ്ട് തന്നെ പുതിയ മാർക്കറ്റിലേക്ക് മാറുമ്പോൾ വലിയ വാടക കൊടുക്കേണ്ടി വരും. അതേസമയം എല്ലാവർക്കും വേണ്ട സൗകര്യങ്ങൾ അവിടെ ഇല്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു ഇന്നലെ വൈകുന്നേരത്തെ പ്രതിഷേധം. അതേസമയം ഇന്നത്തെ ഉദ്‌ഘാടനം ഒരിക്കലും പ്രദേശത്തെ കച്ചവടക്കാരുടെ സമ്മതത്തോടെ അല്ലെന്നും അതിന് സമ്മതിക്കില്ലെന്നും പാളയം മാർക്കറ്റ് മാറ്റുന്നതിനെ എതിർക്കുന്നവർ വ്യക്തമാക്കുന്നു.
കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിലാണ് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മാർക്കറ്റ് നിർമിച്ചത്. കോർപറേഷന്റെ പിപിപി മാതൃകയിലുള്ള പദ്ധതിയിൽ ബിഒടി അടിസ്ഥാനത്തിൽ നിർമാണം നടത്തിയത് കല്ലുത്താൻ കടവ് ഏരിയ ഡവലപ്മെന്റ് കമ്പനി (കാഡ്കോ) ആണ്. 2009-ൽ തറക്കല്ലിട്ട പദ്ധതിക്ക് കോർപറേഷൻ 30 കോടി രൂപ ചെലവിൽ സ്ഥലം നൽകി. 100 കോടി രൂപ ചെലവഴിച്ചാണു മാർക്കറ്റ് നിർമാണം പൂർത്തിയാക്കിയത്.
6 ബ്ലോക്കുകളായി നിർമിച്ച മാർക്കറ്റിൽ പ്രധാന ബ്ലോക്കിന്റെ മുകൾ ഭാഗത്തുൾപ്പെടെ 500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. മൂന്നര ലക്ഷം ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ 310 പഴം - പച്ചക്കറി കടകൾക്ക് സൗകര്യമുണ്ട്. പാളയത്ത് കച്ചവടം നടത്തുന്നതിനു ലൈസൻസുള്ള 153 കച്ചവടക്കാർക്ക് ന്യൂ മാർക്കറ്റിൽ മുറികളും ഒരുക്കിയിട്ടുണ്ട്.
അതേസമയം 60 ഷോപ്പുകളിൽ കുറവ് ഷോപ്പുകളാണ് കച്ചവടക്കാർക്കുള്ളതെന്നും ബാക്കിയുള്ളവ വലിയ വ്യാപാരികൾക്കാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. അവിടെ പോയി നോക്കി കഴിഞ്ഞാൽ ഇത് മനസിലാക്കാൻ സാധിക്കുമെന്നും പ്രതിഷേധക്കാർ പറയുന്നു. 10 ശതമാനത്തിൽ താഴെ ഉള്ള ആൾക്കാരെ മാത്രമേ പുതിയ കെട്ടിടം കാണിച്ചിട്ടുള്ളുവെന്നും ബാക്കി 90 ശതമാനം വരുന്ന വ്യാപാരികളോട് ചർച്ചകൾക്ക് വരെ അധികൃതർ തയ്യാറായിട്ടില്ലെന്നും പ്രതിഷേധിക്കുന്ന വ്യാപാരികൾ പറയുന്നു.
സെപ്റ്റിക് ടാങ്കിന്റെ മുകളിലും, ഓവുചാലിന്റെ മുകളിലും ചെറിയ ചെറിയ ബങ്കറുകൾ ഉണ്ടാക്കി വച്ചിരിക്കുകയാണ്. പോർട്ടർമാർക്ക് കയറി ചെല്ലണമെങ്കിൽ സ്റ്റെപ്പ് കയറി പോകണം. മുഴുവൻ ടൈൽസ് പാകിയിരിക്കുകയാണ്. 50 കിലോ 60 കിലോ ചാക്കുകളുമായി അവർ എങ്ങനെ കയറി പോകുമെന്ന് അറിയില്ല. വ്യാപാരികൾ പറയുന്നു.
---------------
Hindusthan Samachar / Roshith K