Enter your Email Address to subscribe to our newsletters
Kochi, 21 ഒക്റ്റോബര്‍ (H.S.)
കൊച്ചിയില്‍ നിന്ന് പിടിച്ചെടുത്ത എയർഹോണുകള്‍ മുഴുവൻ കൂട്ടത്തോടെ നശിപ്പിച്ച റോഡ് റോളറിന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്.
ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ നിർദേശ പ്രകാരമായിരുന്നു നടപടി. നൂറുകണക്കിന് എയർഹോണുകളാണ് മാധ്യമങ്ങള്‍ സാക്ഷിയായി നശിപ്പിച്ച് കളഞ്ഞത്. എന്നാല്‍ എയർ ഹോണ്‍ പൊളിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല ആരോപിച്ചു.
ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായത്. കൊച്ചിയില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. എയർ ഹോണ്‍ പരിശോധന ഇനിയും തുടരുമെന്നും, പിടിച്ചെടുക്കുന്ന ഹോണുകള്‍ സമാനമായി നശിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.നിരവധി അന്തർ സംസ്ഥാന ബസുകളില്‍ നിന്നടക്കം എയർഹോണുകള്‍ പിടിച്ചെടുത്തിരുന്നു. വാഹനങ്ങളില്‍ നിന്ന് പിടിച്ചെടുത്ത എയർഹോണുകള്‍ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിക്കുന്നതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
എയർഹോണുകള്‍ക്കെതിരെ നടപടിയെടുക്കാൻ പ്രത്യേക പരിശോധന നടത്തണമെന്നും പിടിച്ചെടുക്കുന്ന എയർഹോണുകള്‍ റോഡ് റോളർ ഉപയോഗിച്ച് തകർക്കണമെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദർശിപ്പിക്കണമെന്നുമായിരുന്നു ഗതാഗത മന്ത്രി കെ ബി ഗണേഷ്‍കുമാറിൻറെ നിർദേശം.
ഈ നിർദേശം നടപ്പാക്കികൊണ്ടാണ് എംവിഡി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. മന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് കൊച്ചിയില്‍ റോഡ് റോളർ ഉപയോഗിച്ച് എയർഹോണുകള്‍ നശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എയർഹോണുകള്‍ക്കെതിരെ പരിശോധന നടന്നിരുന്നു. വ്യാപകമായി എയർഹോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, എയര്‍ഹോണുകളുടെ പ്രധാന ഭാഗം വാഹനങ്ങളില്‍ നിന്ന് ഊരി മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ട്. അവ ഈരിയാല്‍ എയര്‍ലീക്ക് ഉള്‍പ്പെടെയുള്ള പ്രശ്നം ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടികാണിക്കുന്നത്. അതിനാല്‍ തന്നെ എയര്‍ഹോണിന്‍റെ ചില ഭാഗങ്ങള്‍ മാത്രം പിടിച്ചെടുത്താലും അവ വീണ്ടും നിരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന വിമര്‍ശനവുമുണ്ട്. അതേസമയം, ഗുരുതരമായ മറ്റു ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ എയര്‍ഹോണില്‍ മാത്രം ഇത്തരത്തിലുള്ള അസാധാരണ നശിപ്പിക്കല്‍ നടപടിയ്ക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്.
സംസ്ഥാന വ്യാപകമായി ആരംഭിച്ച എയർ ഹോണ്‍ പിടിച്ചെടുക്കല്‍ സ്പെഷല്‍ ഡ്രൈവില്‍ കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച 70 ബസുകള്‍ പരിശോധിച്ചു. 15 ബസുകള്‍ക്കെതിരെ മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗം നടപടിയെടുത്തു. ആർടിഒ എസ്.സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി.
എയർ ഹോണ്‍ ഘടിപ്പിച്ച ബസുകള്‍ ഇവ നീക്കം ചെയ്ത് ആർടിഒ മുൻപാകെ ഹാജരാകണം. 120 ശബ്ദതരംഗത്തിനു മുകളിലുള്ള ഹോണ്‍ ചെറിയ വാഹനങ്ങള്‍ക്ക് അലോസരമാകുന്നതായും അപകടം കൂടുന്നതായും കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന ആരംഭിച്ചത്. ഹോണ്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ ആദ്യ കേസില്‍ 2000 രൂപയാണ് പിഴ. എന്നാല്‍ തുടർന്നാല്‍ പരിശോധനയില്‍ കണ്ടെത്തിയാല്‍ 10,000 രൂപ പിഴ ഈടാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR