മുഖ്യമന്ത്രിയെ കാണാന്‍ സമയം അനുവദിച്ചു; ആശാ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് ഉപരോധം അവസാനിപ്പിച്ചു
THIRUVANATHAPURAM, 22 ഒക്റ്റോബര്‍ (H.S.) ശമ്പള വര്‍ദ്ധനയും സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ശ
ASHA WORKERS


THIRUVANATHAPURAM, 22 ഒക്റ്റോബര്‍ (H.S.)

ശമ്പള വര്‍ദ്ധനയും സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാവിലെ മുതല്‍ ആരംഭിച്ച പ്രതിഷേധം ഉച്ചയ്ക്ക് ശേഷമാണ് വലിയ ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്.

തങ്ങളുടെ പ്രധാന ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശാ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ തമ്പടിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതിനെ തടയാനായി പോലീസ് വീണ്ടും വീണ്ടും ജലപീരങ്കി പ്രയോഗിച്ചു.

ആശാ വര്‍ക്കര്‍മാരുടെ പ്രതിരോധം ശക്തമായതോടെ പോലീസ് അവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ സമരക്കാര്‍ ഉപയോഗിച്ചിരുന്ന മൈക്കും സ്പീക്കറും പോലീസ് പിടിച്ചെടുത്തു. ഇതില്‍ രോഷാകുലരായ ആശാ പ്രവര്‍ത്തകര്‍ പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് പോലീസ് വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് റോഡ് തടഞ്ഞു. ഉപകരണങ്ങള്‍ തിരികെ നല്‍കുന്നത് വരെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ച പ്രവര്‍ത്തകര്‍, റോഡ് ഉപരോധം തുടരുകയാണ്.

പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം കാണണമെന്നും, മുഖ്യമന്ത്രി നേരിട്ട് വന്ന് ചര്‍ച്ച ചെയ്ത് സമരം ഒത്തുതീര്‍പ്പാക്കുന്നത് വരെ ക്ലിഫ് ഹൗസിന് മുന്നില്‍ നിന്ന് പിരിഞ്ഞു പോകില്ലെന്നും സമരക്കാര്‍ ഉറപ്പിച്ചു പറഞ്ഞു. വേതനത്തിലെ കുറവ്, അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നത് തുടങ്ങിയ ദീര്‍ഘകാലമായുള്ള ആവശ്യങ്ങളാണ് ആശാ പ്രവര്‍ത്തകര്‍ പ്രധാനമായും ഉന്നയിച്ചത്. ഏഴുമണിയോടെ മുഖ്യമന്ത്രിയെ കാണാന്‍ ആശമാര്‍ക്ക് സമയം അനുവദിച്ചു. ഇതോടെയാണ് ക്ലിഫ് ഹൗസ് ഉപരോധത്തില്‍ നിന്നും ആശമാര്‍ പിന്‍മാറിയത്.

പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളത്തെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ച് പോലീസ് അതിക്രമത്തില്‍ ശക്തമായ പ്രതികരണം രേഖപ്പെടുത്താനും, തങ്ങളുടെ ആവശ്യങ്ങളുടെ ഗൗരവം സര്‍ക്കാരിനെ ബോധ്യപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News