Enter your Email Address to subscribe to our newsletters

Kozhikode, 22 ഒക്റ്റോബര്‍ (H.S.)
കട്ടിപ്പാറ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ പ്ലാൻ്റിനെതിരായ സമരത്തിനിടയിലെ സംഘർഷം ആസൂത്രിതമെന്ന് വിലയിരുത്തലിൽ പൊലീസ്. സമാധാനപരമായ സമരം അക്രമാസക്തമായതിന് പിന്നിൽ ആസൂത്രിത നീക്കമുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പൊലീസിനെയും, ഫാക്ടറിയെയും ലക്ഷ്യം വെച്ചുള്ള അക്രമമാണ് നടന്നതെന്നാണ് വിലയിരുത്തൽ. അതേസമയം, സമരത്തിന് പിന്നിൽ ചില ഛിദ്രശക്തികൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. കട്ടിപ്പാറയിൽ ഫോറൻസിക് പരിശോധന തുടരുന്നു
സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്നാണ് ഫ്രഷ് കട്ട് തൊഴിലാളി യൂണിയൻ നേതാക്കളും, കമ്പനി ഉടമകളും പറയുന്നത്. പ്രതിഷേധം അറിയിക്കാനാണ് സമരം നടത്തിയതെന്നും അക്രമ സമരം ജനകീയ സമരസമിതിയുടെ അജണ്ടയിൽ ഒരിക്കലും ഉണ്ടായിരുന്നില്ലെന്നുമാണ് സമരത്തിൽ പങ്കെടുത്തവർ പറയുന്നത്. സംഘടിത അക്രമമാണെന്ന വാദം തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസിനെ വളഞ്ഞിട്ട് തല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സമരം അക്രമാസക്തമായത് എങ്ങനെ എന്നതിലാണ് അന്വേഷണം നടക്കുന്നത്. അതിന് നേതൃത്വം നൽകിയവരെ കണ്ടെത്താൻ വ്യാപക തെരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഫോറൻസിക്ക് സംഘവും വിരലടയാള വിദഗ്ധരും സംഘം പ്രദേശത്ത് പരിശോധന ആരംഭിച്ചു. ഇതിനിടെ ജനകീയ സമരത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചു. സമരക്കാർക്ക് ഒപ്പമാണ് യുഡിഎഫ് എന്ന് നേതാക്കൾ വ്യക്തമാക്കി. പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് കോടഞ്ചേരി, ഓമശ്ശേരി, കട്ടിപ്പാറ എന്നിവിടങ്ങളിലെ ചില വാർഡുകളിലും കൊടുവള്ളി നഗരസഭയിലെ വിവിധ വാർഡുകളിലും സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണമായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR