Enter your Email Address to subscribe to our newsletters
Kochi, 22 ഒക്റ്റോബര്‍ (H.S.)
മുംബൈയില്‍ കാൻസർ ബാധിച്ച് മരിച്ച കൊച്ചി സ്വദേശിയുടെ മൃതദേഹം മാറിയെത്തി. ഇലഞ്ഞിക്കടത്ത് പെരുമ്ബടവം സ്വദേശി 59 -കാരനായ ജോർജ് കെ.ഐപ്പിന്റെ മൃതദേഹത്തിന് പകരം പത്തനംതിട്ട സ്വദേശിയായ ജോർജിന്റെ മൃതദേഹമാണ് വീട്ടിലെത്തിയത്.
സംസ്‌കാര ശുശ്രൂഷകള്‍ക്ക് തൊട്ട് മുന്നോടിയായിട്ടാണ് മൃതദേഹം മാറിപ്പോയ കാര്യം തിരിച്ചറിഞ്ഞത്.
അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന ജോർജ് കെ. ഐപ്പ് രണ്ട് ദിവസം മുൻപാണ് മുംബൈയില്‍ മരിച്ചത്. പരേതന്റെ ആഗ്രഹപ്രകാരം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ ഭാര്യ ഷൈനിയും മകൻ അബിനും തീരുമാനിച്ചിരുന്നു. ഇതിനായി മുംബൈയില്‍ പ്രവർത്തിക്കുന്ന ഒരു ഏജൻസിയെ ചുമതലപ്പെടുത്തി.
മൃതദേഹം കോച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചതിനു ശേഷം ബന്ധുക്കള്‍ അത് പിറവത്തിലെ ഒരു സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയില്‍ സൂക്ഷിച്ചിരുന്നു. ഇന്നലെ രാവിലെ മൃതദേഹം സംസ്കാര ശുശ്രൂഷകള്‍ക്കായി വീട്ടിലെത്തിച്ചപ്പോഴാണ് മറ്റൊരു വ്യക്തിയുടേതെന്ന് മനസ്സിലായത്.
പഞ്ചായത്ത് അധികൃതരും പൊലീസും ഇടപെട്ട് ഏജൻസിയെ ബന്ധപ്പെട്ടതോടെയാണ് സംഭവം വ്യക്തമായത്. ശവപ്പെട്ടിയില്‍ ഒരേ പേര് രേഖപ്പെടുത്തിയിരുന്നതാണ് തെറ്റിന് കാരണമായത്.
പിഴവ് മനസ്സിലാക്കിയ ഏജൻസി അടിയന്തരമായി നടപടിയെടുത്ത് ജോർജ് കെ. ഐപ്പിന്റെ യഥാർത്ഥ മൃതദേഹം ഇന്നലെ കൊച്ചിയിലെത്തിച്ചു. സംസ്കാര ശുശ്രൂഷകള്‍ പൂർത്തിയാക്കിയ ശേഷം ഇന്ന് രാവിലെ 11.30ന് സംസ്കാരം നടക്കും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR