Enter your Email Address to subscribe to our newsletters
Delhi, 22 ഒക്റ്റോബര്‍ (H.S.)
ഡല്‍ഹിയിലെ നരേലയില്‍ അഞ്ചുവയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. പിതാവിനോടുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കുട്ടിയുടെ പിതാവിൻ്റെ കമ്ബനിയിലെ ഡ്രൈവറായ നിതുവാണ് ഈ അഞ്ചുവയസ്സുകാരൻ്റെ കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നത്. ചൊവ്വാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയായ നിതുവിൻ്റെ വാടക വീട്ടില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ നിതുവിനായുള്ള ഊർജ്ജിതമായ തിരച്ചില്‍ പോലീസ് തുടരുകയാണ്.
ട്രാൻസ്‌പോർട്ട് ബിസിനസ് നടത്തുന്ന കുട്ടിയുടെ പിതാവിന് എട്ട് വാഹനങ്ങളുണ്ട്. നിതു, വസീം എന്നിവരടക്കം രണ്ട് ഡ്രൈവർമാരെയാണ് ഇദ്ദേഹം ഇതിനായി നിയമിച്ചിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തില്‍ നിതു വസീമിനെ മർദ്ദിച്ചിരുന്നു. ഈ വിവരം അറിഞ്ഞ കുട്ടിയുടെ അച്ഛൻ നിതുവിൻ്റെ മോശം പെരുമാറ്റത്തെ ചോദ്യം ചെയ്യുകയും ഇയാളെ മർദ്ദിക്കുകയും ചെയ്തു. ഇതിലുള്ള കടുത്ത വൈരാഗ്യമാണ് നിതുവിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് കരുതുന്നു.
വീടിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നിതു തൻ്റെ വാടക വീട്ടിലേക്ക് തട്ടിക്കൊണ്ടുപോവുകയും കത്തിയും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് നിതുവിൻ്റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഉടൻതന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് എഫ്‌ഐആർ (FIR) രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. നിതുവിനെ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR