ഇടുക്കി നഴ്സിംഗ് കോളേജ് സമരം: സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി  പാർട്ടിയുടെ അധികാര ഹുങ്കും ധാർഷ്ട്യവും തുറന്നു കാണിക്കുന്നത്; വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ല -എബിവിപി
Idukki, 22 ഒക്റ്റോബര്‍ (H.S.) ഇടുക്കി നഴ്സിംഗ് കോളേജ് സമരം സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി പാർട്ടിയുടെ അധികാര ഹുങ്കും ധാർഷ്ട്യവും തുറന്നു കാണിക്കുന്നതാണെന്നും വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും എബിവിപി ദേശീയ നിർവാഹക സമിതി
Idukki Nursing college issue


Idukki, 22 ഒക്റ്റോബര്‍ (H.S.)

ഇടുക്കി നഴ്സിംഗ് കോളേജ് സമരം സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭീഷണി

പാർട്ടിയുടെ അധികാര ഹുങ്കും ധാർഷ്ട്യവും തുറന്നു കാണിക്കുന്നതാണെന്നും വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും എബിവിപി ദേശീയ നിർവാഹക സമിതി അംഗം ദിവ്യ പ്രസാദ്.

ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന വിദ്യാർഥികളെ സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുവാനും അവരുടെ ശബ്ദം അടിച്ചമർത്തുവാനുമാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവർത്തനം ആരംഭിച്ച് 2 വർഷം പിന്നിട്ടിട്ടും അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും കോളജിൽ ലഭ്യമായിട്ടില്ല, ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികളും മാതാപിതാക്കമടക്കമുള്ളവർ പ്രതിഷേധിക്കുന്നത്.

നിലവിൽ 120 വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസിൽ പെൺകുട്ടികൾക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് സ്വകാര്യ സ്കൂളിലെ ക്ലാസ് മുറികളിലാണ്. ഇത്തരത്തിൽ അടിസ്ഥാന സൗകര്യം പോലും ഇല്ലാതെയാണ് ഗവ. നഴ്സിങ് കോളേജ് പ്രവർത്തിക്കുന്നത്.

ഇതേ തുടർന്ന് 18-ന് കലക്ടറുടെ ഓഫിസിൽ വിളിച്ചിരുന്ന യോഗത്തിൽ കലക്ടർ പങ്കെടുക്കാതിരിക്കുകയും, സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ ചെറുതോണിയിലെ ഓഫിസിലേക്ക് യോഗം മാറ്റുകയും ചെയ്തത് പ്രതിഷേധാർഹവും ഭരണസംവിധാനങ്ങളോടുള്ള വെല്ലുവിളിയുമാണ്. സർക്കാർ ഉദ്യോഗസ്ഥനോ ജനപ്രതിനിധിയോ ഒന്നുമല്ലാത്ത സിപിഎം ജില്ലാ സെക്രട്ടറിയുടെ ഓഫീസിലേക്ക് യോഗം മാറ്റിയത് എന്തിനെന്ന് സർക്കാരും പ്രിൻസിപ്പാളും വ്യക്തമാക്കണം.

പാർട്ടി ഓഫീസിലെ യോഗത്തിനെത്തിയ പ്രിൻസിപ്പാൾ രക്ഷിതാകൾ വിദ്യാർത്ഥികൾ അടക്കമുള്ളവരോട് ഭീഷണിയുടെ സ്വരത്തിലാണ് സി.വി വർഗീസ് സംസാരിക്കുകയും ചെയ്തത്.

'കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാർട്ടിക്കറിയാം' സി.വി വർഗീസിന്റെ പ്രസ്താവന അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന സധാരണക്കാരോട് ഇടതുപക്ഷം സ്വീകരിക്കുന്ന ധാർഷ്ട്യസമീപനത്തിന്റെ നേർച്ചിത്രമാണ്.

സർക്കാർ തീരുമാനമെടുക്കേണ്ട വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എന്തിന് ഇടപെടുകയും വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നതിന് സർക്കാർ മറുപടി പറയാനും സർക്കാർ ബാധ്യസ്ഥരാണ്. മന്ത്രി റോഷി അഗസ്റ്റിനും, യോഗം വിളിച്ചുകൂട്ടിയ കളക്ടറും ഇതിൽ ഇടപെടാത്തത് വിദ്യാർത്ഥികളോടുള്ള അവഹേളനമാണ്.

മന്ത്രി വാഗ്ദാനം ചെയ്ത പൈനാവിലുള്ള ഹോസ്റ്റൽ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സമരം ചെയ്യുന്നത്.

ഇടത്പക്ഷ സർക്കാരിന്റെ ഇത്തരത്തിലുള്ള വിദ്യാർത്ഥി വിരുദ്ധ നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്നും സമരം ചെയ്യുന്ന വിദ്യാർത്ഥികൾ എല്ലാവിധ പിന്തുണയും നൽകുമെന്നും അവർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News