ഓണ്‍ലൈൻ വാതുവെപ്പ് കെണിയില്‍ പെട്ട് കുട്ടികളും; കോഴിക്കോട് രണ്ടാഴ്ചയ്ക്കിടെ നാടുവിട്ടത് മൂന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍
Kozhikode, 22 ഒക്റ്റോബര്‍ (H.S.) കോഴിക്കോട് ജില്ലയില്‍ ഓണ്‍ലെെൻ വാതുവെപ്പ് കുട്ടികളെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നു. വാതുവെപ്പില്‍ പണംനഷ്ടപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ താമരശ്ശേരിയില
Online betting


Kozhikode, 22 ഒക്റ്റോബര്‍ (H.S.)

കോഴിക്കോട് ജില്ലയില്‍ ഓണ്‍ലെെൻ വാതുവെപ്പ് കുട്ടികളെ അപകടകരമായ അവസ്ഥയിലേക്ക് തള്ളിവിടുന്നതിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ടുകള്‍ പുറത്തുവരുന്നു.

വാതുവെപ്പില്‍ പണംനഷ്ടപ്പെട്ടതിനെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ താമരശ്ശേരിയില്‍ നിന്ന് പ്ലസ്വണ്‍ വിദ്യാർത്ഥികളായ മൂന്ന് കുട്ടികളാണ് ബെംഗളൂരുവിലേക്ക് നാടുവിട്ടത്. മൂന്ന് സംഭവങ്ങളും താമരശ്ശേരിയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി മുമ്ബാകെ കൗണ്‍സിലിങ്ങിന് ഹാജരാക്കിയപ്പോഴാണ് സംഭവങ്ങളുടെ ഗൗരവം അധികൃതർ തിരിച്ചറിഞ്ഞത്.

ഓണ്‍ലൈൻ വാതുവെപ്പില്‍ പങ്കെടുക്കുന്നതിന് കുട്ടികള്‍ക്ക് പണം നല്‍കി സഹായിച്ചത് മുതിർന്നവരുടെ ഒരു സംഘമാണ്. ഇവരില്‍ നിന്നുള്ള ഭീഷണിയെ തുടർന്നാണ്, നഷ്ടപ്പെട്ട പണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കുട്ടികള്‍ നാടുവിടാൻ നിർബന്ധിതരായത്.

രണ്ടാഴ്ച മുമ്ബ് താമരശ്ശേരിയിലെ ഒരു ട്യൂഷൻ സെന്ററില്‍ ഒരുമിച്ച്‌ പഠിച്ചിരുന്ന രണ്ട് വിദ്യാർത്ഥികള്‍ ബെംഗളൂരുവിലേക്ക് പോയതായിരുന്നു ആദ്യ സംഭവം. തിരിച്ചെത്തിയ ഇവരെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് മുമ്ബാകെ കൗണ്‍സിലിങ്ങിനായി എത്തിച്ചു. ആദ്യഘട്ടത്തില്‍ ബെംഗളൂരുവിലെ യാത്രയെക്കുറിച്ച്‌ മാത്രമാണ് കുട്ടികള്‍ പറഞ്ഞതെങ്കിലും, തുടർച്ചയായ കൗണ്‍സിലിംഗിനൊടുവില്‍ ഒരു കുട്ടിക്ക് ഓണ്‍ലെെൻ വാതുവെപ്പിലൂടെ ഏകദേശം രണ്ടരലക്ഷം രൂപ നഷ്ടപ്പെട്ടതായി കമ്മിറ്റി കണ്ടെത്തി. ഈ കുട്ടിക്ക് പലപ്പോഴായി പണം കൈമാറിയത് 15-ഓളം മുതിർന്നവരാണെന്നും തിരിച്ചറിയാൻ സാധിച്ചു. ഈ വിവരങ്ങളെല്ലാം ഉള്‍പ്പെടുന്ന കൗണ്‍സിലിംഗ് റിപ്പോർട്ട് CWC കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസിന് കൈമാറിയിട്ടുണ്ട്.

ഈ കുട്ടികളെ സ്വന്തം വീടുകളിലേക്ക് തിരിച്ചയച്ചതിന് പിന്നാലെ, കഴിഞ്ഞ ചൊവ്വാഴ്ച താമരശ്ശേരിയില്‍ സമാനമായ മറ്റൊരു സംഭവംകൂടി ആവർത്തിച്ചു. ഈ പുതിയ കേസില്‍ ഒരു പ്ലസ്വണ്‍ വിദ്യാർത്ഥിക്ക് 25,000 രൂപയാണ് വാതുവെപ്പില്‍ നഷ്ടമായത്. നിലവില്‍ ഈ കുട്ടിയെ വെള്ളിമാടുകുന്നിലെ സർക്കാർ ചില്‍ഡ്രൻസ് ഹോമിലാണ് പാർപ്പിച്ചിരിക്കുന്നത്.

കുട്ടികള്‍ക്ക് പണം നല്‍കിയവരുടെ ഭാഗത്തുനിന്ന് ഇവരുടെ ജീവന് ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. കൂടാതെ, ഈ കുട്ടികള്‍ ഇടയ്ക്കിടെ ബെംഗളൂരുവിലേക്ക് യാത്രകള്‍ നടത്തിയിട്ടുണ്ട് എന്ന വിവരവും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കുട്ടികള്‍ ലഹരിമാഫിയയുടെയോ മറ്റ് ക്രിമിനല്‍ സംഘങ്ങളുടെയോ സ്വാധീനത്തില്‍ പെട്ടുപോയോ എന്ന സംശയവും ഉയർത്തുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News