Enter your Email Address to subscribe to our newsletters

THIRUVANATHAPURAM, 22 ഒക്റ്റോബര്‍ (H.S.)
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് കേരളം ഒരിക്കല്‍ക്കൂടി ചരിത്രം രചിക്കുകയാണ്. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു. ഈ മഹത്തായ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം നവംബര്‍ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും സംയുക്തമായി സെക്രട്ടേറിയറ്റ് പി ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ ചടങ്ങില്‍ പങ്കാളികളാവും. പ്രതിപക്ഷനേതാവിനെ പരിപാടിയിലേക്ക് ക്ഷണിക്കും. ചലച്ചിത്രതാരങ്ങള്‍ കമല്‍ഹാസന്‍ എംപി,മമ്മൂട്ടി,മോഹന്‍ലാല്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിയ്ക്ക് ശേഷവും മുന്‍പും കലാവിരുന്നും അരങ്ങേറും. പരിപാടിയുടെ വിജയത്തിനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ചെയര്‍മാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേസമയത്ത് സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്.
നീതി ആയോഗിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.2021ല്‍ ജനസംഖ്യയുടെ0.7ശതമാനം മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. വേണമെങ്കില്‍ ഒരു സര്‍ക്കാരിന് കണ്ടില്ല എന്ന് നടിക്കാവുന്ന ആ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കിയത്.2021ല്‍ അധികാരത്തിലെത്തിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമായിരുന്നു അതിദരിദ്രരില്ലാത്ത കേരളം യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രീയവും സമഗ്രവുമായ സര്‍വേയിലൂടെ കേരളത്തിലെ64006അതിദരിദ്ര്യ കുടുംബങ്ങളെയാണ് കണ്ടെത്തിയത്. ഭക്ഷണം,ആരോഗ്യം,ഉപജീവനം,വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് അതിദരിദ്ര്യ കുടുംബങ്ങളായി കണക്കാക്കുന്നത്. ഈ ഓരോ മേഖലയിലും ഓരോ കുടുംബത്തിനും ആവശ്യമായ സഹായവും സേവനവുമെത്തിക്കാന്‍ ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോപ്ലാന്‍ രൂപീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മുന്‍കൈയില്‍ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളുമെല്ലാം അണിനിരന്ന ഒരു മഹത്തായ പ്രവര്‍ത്തനമാണ് വിജയകരമായ പരിസമാപ്തിയിലേക്ക് കടക്കുന്നത്. വിവിധ പദ്ധതികളിലായി പൊതുജനങ്ങള്‍ക്ക് ലഭ്യമായ എല്ലാ സര്‍ക്കാര്‍ സഹായവും സേവനവും സംയോജിപ്പിച്ചുകൊണ്ടും പ്രത്യേക പദ്ധതികളും സേവനങ്ങളും ആവിഷ്‌കരിച്ചുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് പരിശോധനയും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുകയാണ്.
വോട്ടര്‍ പട്ടികയില്‍ പോലും പേരില്ലാത്ത,റേഷന്‍ കാര്‍ഡോ ആധാര്‍ കാര്‍ഡോ പോലും ഇല്ലാത്ത ഏറ്റവും അരികുവത്കരിക്കപ്പെട്ട നിരവധി പേരാണ് ഈ പട്ടികയിലുണ്ടായിരുന്നത്. അഭിമാനത്തോടെ അവരെ ജീവിക്കാന്‍ പ്രാപ്തരാക്കിയ പദ്ധതി എന്ന പേരിലാവും ഇത് ചരിത്രത്തില്‍ ഇടംപിടിക്കുന്നത്.64006കുടുംബങ്ങളില്‍4421കുടുംബങ്ങള്‍ (ഭൂരിപക്ഷവും ഏകാംഗ കുടുംബങ്ങളാണ്) ഇതിനകം മരണപ്പെട്ടു. വിപുലമായ പരിശോധനയും ബന്ധപ്പെടലും ശ്രമങ്ങളും നടത്തിയെങ്കിലും നാടോടികളായി കഴിയുന്ന261കുടുംബങ്ങളെ ഈ പ്രക്രീയയ്ക്കിടയില്‍ കണ്ടെത്താനായിട്ടില്ല. ഇവരില്‍ മഹാഭൂരിപക്ഷവും മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തവരാണ്. ഇവര്‍ തിരിച്ചെത്തിയാല്‍ ആവശ്യമായ സംരക്ഷണം നല്‍കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരേ കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങള്‍ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി പട്ടികയില്‍ ഉള്‍പ്പെട്ട47കേസുകളുണ്ട്. ഇവരെ ഒരു കുടുംബമായി പരിഗണിച്ചുള്ള മൈക്രോപ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. ഇങ്ങനെ4729കുടുംബങ്ങള്‍ ഒഴികെ ബാക്കി59277കുടുംബങ്ങളാണ് അതിദരിദ്രരായി നിലവില്‍ പട്ടികയിലുള്ളത്. ഇവരെയെല്ലാം അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചാണ് നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത കേരളം സാധ്യമാക്കുന്നതെന്നും മന്ത്രി എം ബി രാജേഷ് അറിയിച്ചു.
---------------
Hindusthan Samachar / Sreejith S