Enter your Email Address to subscribe to our newsletters

ALAPPUZHA, 22 ഒക്റ്റോബര്‍ (H.S.)
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഉപ്പുതിന്നവര്‍ വെള്ളംകുടിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ക്ഷേത്ര ഭരണസമിതികള്‍ രാഷ്ട്രീയ അഭയാര്‍ഥികളുടെ താവളമായി മാറുന്നത് ഒഴിവാക്കണം. എല്ലാ ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിട്ട് ഐ.എ.എസുകാരെ സെക്രട്ടറിയായി നിയമിച്ച് ബോര്‍ഡിന്റെ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കണം. വിഷയത്തില്‍ സര്‍ക്കാര്‍ കര്‍ശന നടപടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴുള്ളവരായാലും മുമ്പുള്ളവരായാലും സ്വര്‍ണം മോഷ്ടിച്ചവര്‍ പിടിക്കപ്പെടണം. പ്രതിപക്ഷത്തിന് വേറെ പണിയില്ലാത്തതിനാലാണ് ശബരിമലയും കൊണ്ട് നടക്കുന്നതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പി.എം ശ്രീ കേന്ദ്ര പദ്ധതിയാണെന്നും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആദ്യം എതിര്‍ക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് സി.പി.ഐ. പ്രായോഗികമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ഇടത് സര്‍ക്കാറിന്റെ ശക്തി കുറക്കരുത്. ദേശീയ വിദ്യാഭ്യാസനയം മിക്ക സംസ്ഥാനങ്ങളും നടപ്പാക്കുമ്പോള്‍ കേരളംമാത്രം എന്തിന് മാറിനില്‍ക്കണമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
---------------
Hindusthan Samachar / Sreejith S