Enter your Email Address to subscribe to our newsletters
Wayanadu, 22 ഒക്റ്റോബര്‍ (H.S.)
കല്‍പ്പറ്റയിലെ കായിക മാമാങ്കത്തില്‍ ആവേശം പകർന്ന് കന്യാസ്ത്രീ വേഷത്തില്‍ പാദരക്ഷകളില്ലാതെ ട്രാക്കിലിറങ്ങിയ സിസ്റ്റർ സബീന സ്വർണ്ണ മെഡല്‍ നേടി.
വർഷങ്ങള്‍ക്ക് ശേഷം മത്സരത്തിനായി ട്രാക്കിലെത്തിയ ഈ കായിക അദ്ധ്യാപിക ഹർഡിലുകള്‍ അതിവേഗം ചാടിക്കടന്നപ്പോള്‍ മൈതാനത്ത് ആവേശം അണപൊട്ടി. ഫിനിഷിംഗ് ലൈൻ ആദ്യം കടന്ന സബീനയെ 'സിസ്റ്ററേ… കണ്‍ഗ്രാജുലേഷൻസ്' എന്ന് വിളിച്ച് നിരവധി പേരാണ് അഭിനന്ദിക്കാനായി ഓടിയെത്തിയത്.
55 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലാണ് സിസ്റ്റർ സബീന മത്സരിച്ചത്. നിലവില്‍ ദ്വാരക എ.യു.പി. സ്കൂളിലെ കായികാദ്ധ്യാപികയാണ് അവർ. ഒൻപതാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ ഹർഡില്‍സില്‍ ദേശീയ മത്സരത്തിലും, കോളേജ് പഠനകാലത്ത് ഇന്റർവാഴ്സിറ്റി മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍, കായികാദ്ധ്യാപികയായ ശേഷം മത്സരങ്ങളില്‍ സജീവമായിരുന്നില്ല.
അടുത്ത വർഷം മാർച്ചില്‍ ജോലിയില്‍ നിന്ന് വിരമിക്കുന്നതിന് മുൻപ് ഒരു മത്സരത്തില്‍ പങ്കെടുക്കണമെന്ന ആഗ്രഹമാണ് സംസ്ഥാന മാസ്റ്റേഴ്സ് മീറ്റില്‍ എത്തിച്ചത്, സിസ്റ്റർ സബീന പറഞ്ഞു. മാസ്റ്റേഴ്സ് മീറ്റിലെ തൻ്റെ ആദ്യ മത്സരത്തില്‍ത്തന്നെ സ്വർണം നേടിക്കൊണ്ടാണ് ഈ വയനാട്ടുകാരിയുടെ തിരിച്ചുവരവ്. കാസർകോട് എണ്ണപ്പാറ ഇടവകാംഗമായ സിസ്റ്റർ 1993-ലാണ് വയനാട്ടിലെത്തുന്നത്. നിലവില്‍ ദ്വാരക പ്രൊവിൻഷ്യല്‍ ഹൗസിലെ ആരാധനാമഠം അംഗമാണ്. ബുധനാഴ്ച ഹാമ്മർ ത്രോ മത്സരത്തിലും സിസ്റ്റർ പങ്കെടുക്കുന്നുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR