പിഎം ശ്രീ പദ്ധതിയിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായം
Kochi, 22 ഒക്റ്റോബര്‍ (H.S.) കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ചേരുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നാഭിപ്രായം. കേന്ദ്രത്തിന്റെ ഫണ്ട് കളയേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ പിഎം ശ്രീ പദ്ധതിയിൽ കേരളം ചേരുന്നത് ബിജ
V D Satheeshan & K C Venugopal


Kochi, 22 ഒക്റ്റോബര്‍ (H.S.)

കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ചേരുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നാഭിപ്രായം. കേന്ദ്രത്തിന്റെ ഫണ്ട് കളയേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്നാൽ പിഎം ശ്രീ പദ്ധതിയിൽ കേരളം ചേരുന്നത് ബിജെപി-സിപിഐഎം ഡീലിന്റെ ഭാഗമാണെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പ്രസ്താവന.

പിഎം ശ്രീ പദ്ധതിയിൽ കേരളം ചേരുന്നതിനെ എതിർക്കാതെയാണ് പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം. ബിജെപിയുടെ വർഗീയ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനുള്ള പദ്ധതിയാണ് പി എംശ്രീ. എന്നാൽ കേന്ദ്രത്തിന്റെ ഫണ്ടല്ലേ കളയേണ്ടതില്ലല്ലോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തമല്ലല്ലോ, ജനങ്ങളുടെ നികുതി വാങ്ങിയുണ്ടാക്കുന്ന ഫണ്ടല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം. വർഗീയ അജണ്ടകളുള്ള നിബന്ധനകൾ പാലിക്കാതിരുന്നാൽ മതിയെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.

എന്നാൽ പദ്ധതിയിൽ കേരളം ചേരുന്നത് ബിജെപി- സിപിഐഎം ഡീലിൻ്റെ ഭാഗമായെന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പദ്ധതി നടപ്പാക്കി എന്നത് തെറ്റായ ധാരണയാണ്. ബിജെപി ഭരണ കാലത്താണ് ആ സംസ്ഥാനങ്ങളിൽ നടപ്പാക്കിയത്.സിലബസിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നത് കോൺഗ്രസ് അംഗീകരിക്കില്ല. ഗാന്ധിയെ കുറിച്ച് പഠിക്കേണ്ട ഗോഡ്‌സെയെക്കുറിച്ച് പഠിച്ചാൽ മതി എന്നാണ് കേന്ദ്ര നിലപാടെന്നും അത് നടപ്പിലാക്കുന്നതിനുള്ള കൈക്കൂലി ആണോ 1400 കോടി രൂപയെന്നും കെ.സി. വേണുഗോപാൽ ചോദിച്ചു. സിപിഐ നിലപാടിൽ ഉറച്ചു നിൽക്കണമെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.

അതേസമയം പിഎം ശ്രീയിൽ ഒപ്പിടാനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനവുമായി സമസ്ത രംഗത്തെത്തി. സമസ്ത മുഖപത്രം സുപ്രഭാതത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് പിഎം ശ്രീ പദ്ധതിക്കെതിരായ വിമർശനം. പദ്ധതി സാമൂഹികാന്തരീക്ഷത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്നാണ് ലേഖനത്തിലെ വിമർശനം. പിഎം ശ്രീ പദ്ധതിയിലൂടെ കാവി വത്ക്കരണത്തിനാണ് ശ്രമമെന്നും ലേഖനത്തിൽ വിമർശനമുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News