Enter your Email Address to subscribe to our newsletters
Thamarassery, 22 ഒക്റ്റോബര്‍ (H.S.)
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ സംഘർഷത്തിനിടെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റിൽ നിർത്തിയിട്ടിരുന്ന 7 വലിയ വാഹനങ്ങളും ഒരു ഓട്ടോയും 3 ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചു. പ്ലാന്റിന്റെ പല ഭാഗങ്ങളും തീപിടിച്ചു നശിച്ചു. പരുക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കു നീക്കി. അതേസമയം കണ്ണീർവാതകം പ്രയോഗിക്കുന്നതിനിടയിൽ അവശനിലയിലായ വനിതാ പൊലീസുകാരെയും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലേറിൽ പരുക്കേറ്റ വടകര എസ്പി കെ.ഇ.ബൈജു, താമരശ്ശേരി എഎസ്ഐ സൂരജ്, റൂറൽ എസ്‌പിയുടെ ഗൺമാൻ സുഗേഷ് എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിൽ റൂറൽ എസ്പിയുടെ മൂക്കിലും ചുണ്ടിലും മുറിവുകളുണ്ട്.
എഎസ്ഐ സൂരജിന്റെ ഇടത് കണങ്കാലിനു മുകളിലാണ് കല്ലേറിൽ എല്ലു പൊട്ടിയത്. ഇന്ന് ശസ്ത്രക്രിയ നടത്തുമെന്നു ആശുപത്രി അധികൃതർ പറഞ്ഞു. കല്ലേറിൽ ഗൺമാൻ സുഗേഷിനു ഇടത്തേ കൈ പത്തിക്കാണ് പരുക്കേറ്റത്. മറ്റു 16 പൊലീസുകാരെ താമരശ്ശേരി, കൊടുവള്ളി ഭാഗത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
സി.കെ.ഷുഹൈബ്(44), പ്രകാശൻ (50), ശ്രീജിത് (44), റെജിൻ (39), സുഭാഷ് ചന്ദ്രബോസ് (58), മഹേഷ് (30), ഷംസീറ (40) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിതസയിൽ ആണ് . സമാധാനപരമായി സമരം ചെയ്യുന്നതിനിടെയാണു പൊലീസ് ആക്രമിച്ചതെന്നു സംഘർഷത്തിൽ പരുക്കേറ്റ ഷുഹൈബ് പറഞ്ഞു. ഗ്രനേഡ് പൊട്ടിത്തെറിച്ച് ശുഹൈബിന്റെ കാലിനും ഇടതു കൈക്കും പരുക്കേറ്റു. മകനും 7 വയസ്സുള്ള മകൾക്കുമൊക്കെ കണ്ണീർ വാതകമേറ്റു ശ്വാസം മുട്ടലുണ്ടായിതായും ഷുഹൈബ് പറഞ്ഞു.
അതേസമയം ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടിയേ തീരൂ എന്ന് കൊടുവള്ളി എംഎൽഎ എം.കെ.മുനീർ എംഎൽഎ പറഞ്ഞു. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സമാധാനത്തോടെ സമരം ചെയ്തവരെ ക്രൂരമായി നേരിട്ടവർ മറുപടി പറയേണ്ടിവരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ആയിരക്കണക്കിന് ജനങ്ങളുടെ സ്വൈര ജീവിതത്തിന് ഭീഷണിയായ ഫ്രഷ് കട്ട് മാലിന്യ കേന്ദ്രത്തിന് എതിരായ പ്രതിഷേധം അടിച്ചമർത്തുന്നത് പ്രതിഷേധാർഹമാണ്. എം എൽ എ വ്യക്തമാക്കി.
പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ മുന്നറിയിപ്പില്ലാതെ ടിയർ ഗ്യാസ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ടത് മൂലം ഒട്ടേറെ സമരക്കാർക്കാണ് പരുക്കേറ്റത്. സമാധാനപരമായി സമരം ചെയ്യുന്നവർക്ക് നേരെ നടന്ന ഈ കയ്യേറ്റം അംഗീകരിക്കാനാവില്ല. പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാന്റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാൻ അധികൃതർ തയാറാകണം. അദ്ദേഹം പറഞ്ഞു.
അതേസമയം ആക്രമണം ആസൂത്രിതം ആണെന്നും പോലീസ് ഇനി മാനുഷിക പരിഗണന കാണിക്കില്ലെന്നും വ്യക്തമാക്കി കണ്ണൂർ മേഖലാ ഡിഐജി യതീഷ് ചന്ദ്ര രംഗത്ത് വന്നു.
നടന്നത് ആസൂത്രിതവും ക്രൂരവുമായ ആക്രമണമാണ് . ‘അകത്തു ജീവനക്കാരുള്ളപ്പോൾ ഒരു സ്ഥാപനത്തിനു തീയിടുന്നതും അഗ്നിരക്ഷാസേനയെ തടഞ്ഞുനിർത്തുന്നതും എത്ര ക്രൂരമാണ്. പൊലീസ് ഇതുവരെ മാനുഷിക പരിഗണന വച്ചാണെല്ലാം ചെയ്തത്. ഇനി ഞങ്ങൾ നിയമം മാത്രം നോക്കി കാര്യങ്ങൾ നീക്കും. സ്ഥാപിത താൽപര്യക്കാർ പാവപ്പെട്ടവരെയും കുട്ടികളെയും മുന്നിൽ നിർത്തി നേട്ടമുണ്ടാക്കാൻ ശ്രമിച്ചതാണ്. അവരുടെ പേരിൽ നടപടിയെടുക്കും.’ അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Roshith K