Enter your Email Address to subscribe to our newsletters

ASAM, 23 ഒക്റ്റോബര്‍ (H.S.)
അസമില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം. കൊക്രജാര്‍ റെയില്‍വേ സ്റ്റേഷന് കിഴക്ക് അഞ്ചു കിലോമീറ്റര്‍ മാറിയാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് പൊട്ടിത്തെറിച്ചത്. കൊക്രജാര്‍, സലാകാത്തി സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. അര്‍ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം. സ്‌ഫോടനം നടക്കുന്ന സമയം ഗുഡ്‌സ് ട്രെയിന്‍ കടന്നു പോവുകയായിരുന്നതിനാല്‍ ആളപായം ഒഴിവായി.
''വലിയൊരു കുലുക്കമുണ്ടായതിനു പിന്നാലെ ട്രെയിന്‍ നിന്നു എന്ന് ട്രെയിന്‍ മാനേജര്‍ അറിയിച്ചു. പരിശോധിച്ചപ്പോള്‍ ട്രാക്കുകള്‍ തകര്‍ന്നതായി കണ്ടെത്തി. ബോംബ് സ്‌ഫോടനം ആണെന്നാണ് കരുതുന്നത്.'' - നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ (എന്‍എഫ്ആര്‍) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിരവധി ട്രെയിനുകള്‍ അടുത്തുള്ള സ്റ്റേഷനുകളില്‍ നിര്‍ത്തി ഇട്ടിരിക്കുകയായിരുന്നു. നൂറുകണക്കിന് യാത്രക്കാര്‍ ദുരിതത്തിലായി. ആരാണ് ആക്രമണത്തിനു പിന്നിലെന്ന് വ്യക്തമായിട്ടില്ല. സംസ്ഥാന പൊലീസും ആര്‍പിഎഫും രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണം നടത്തുന്നുണ്ട്. പുലര്‍ച്ചെ 5.25ന് ട്രാക്ക് പൂര്‍വസ്ഥിതിയിലാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. മേഖലയില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
---------------
Hindusthan Samachar / Sreejith S