Enter your Email Address to subscribe to our newsletters

THIRUVANATHAPURAM, 23 ഒക്റ്റോബര്‍ (H.S.)
ശബരിമല സ്വര്‍ണപ്പാളി മോഷണത്തില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബുവിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രി പെരുന്നയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത മുരാരി ബാബുവിന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് രേഖപ്പെടുത്തിയത്. വൈകുന്നേരം വരെ പ്രത്യേക അന്വേഷണസംഘം ചോദ്യെ ചെയ്തു. ഇതിനു ശേഷം വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
വൈദ്യ പരിശോധനയ്ക്ക് ശേഷം മുരാരി ബാബുവിനെ റാന്നി കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുപോവുകയാണ്. കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇതിനുശേഷം ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം നടക്കുന്നത്. ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ തികച്ചും രഹസ്യാത്മകത സൂക്ഷിച്ചാണ് അന്വേഷണസംഘം മുന്നോട്ടു പോകുന്നത്.
ശീകോവിലിനുമുന്നിലെ ദ്വാരപാലകശില്‍പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ നേരത്തേ ദേവസ്വം ബോര്‍ഡ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുരാരി ബാബുവിന്റെ സഹായത്തോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണപ്പാളി കടത്തിയതെന്ന് ഏറെക്കുറേ വ്യക്തമായിട്ടുണ്ട്. ഇതില്‍ ഇനി ഏതെങ്കിലും ഉന്നതര്‍ക്ക് പങ്കുണ്ടോ എന്നാണ് ഇനി പുറത്തുവരാനുള്ളത്.
മുരാരി ബാബുവിനെ ചോദ്യം ചെയ്യല്‍ കേസില്‍ ഏറെ നിര്‍ണ്ണായകമാണ്. ഈ കൊള്ളക്ക് ആരെല്ലാം പങ്കാളികളായി എന്ന വിവരം ഇയാളില്‍ നിന്നും ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്ക് കൂട്ടല്‍. വര്‍ഷങ്ങളായി ബോര്‍ഡില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് മുരാരി ബാബു. അതുകൊണ്ട് തന്നെ ബോര്‍ഡിലെ ഉന്നതരുടെ പിന്‍ബലമില്ലാതെ ഇത്തരമൊരു ക്രമക്കേട് നടത്തും എന്ന് കരുതാനാകില്ല.
ഉണ്ണിക്കൃഷ്ണന്‍ പോറ്റിയേയും ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാന്‍ നല്‍കിയതെന്നായിരുന്നു സസ്പെന്‍ഷന്‍ നടപടിക്ക് പിന്നാലെ മുരാരി ബാബുവിന്റെ വിശദീകരിച്ചത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലെന്നും വിശദീകരിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരും.
എ പത്മകുമാര്‍, എന്‍ വാസു എന്നിവര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന സമയത്താണ് ഈ ക്രമക്കേടുകള്‍ എല്ലാം നടന്നിരിക്കുന്നത്. ബോര്‍ഡിലെ ഏറ്റവും പ്രധാനിയായ ഉദ്യോഗസ്ഥന്‍ കേസില്‍ അറസ്റ്റിലാകുമ്പോല്‍ ഇവരിലേക്കും അന്വേഷണം എത്താനുള്ള സാധ്യതയുണ്ട്. ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം വഹിച്ചുള്ള അന്വേഷണമായതിനാല്‍ രാഷ്ട്രീയ ഇടപെടലുകള്‍ക്കും പരിമിതിയുണ്ട്.
---------------
Hindusthan Samachar / Sreejith S