Enter your Email Address to subscribe to our newsletters

Bihar 23 ഒക്റ്റോബര്‍ (H.S.)
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.. സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളില്‍ ആഴ്ചകളോളം നീണ്ട തര്‍ക്കത്തിനൊടുവിലാണ് തേജസ്വിയെ പ്രതിപക്ഷമഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്‌നയില്‍ നടന്ന ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത പത്രസമ്മേളനത്തില്‍ തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.
''തേജസ്വി യാദവ് പ്രതിബദ്ധതയുള്ള ചെറുപ്പക്കാരനാണ്. അതിനാലാണ് മഹാസഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എനിക്ക് അമിത് ഷായോട് ഇത്രയേ ചോദിക്കാനുള്ളൂ. ഞങ്ങളുടെ മുഖം തേജസ്വി യാദവാണ്. ഇനി എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് സ്ഥിരീകരിക്കേണ്ടത് നിങ്ങളാണ്'' - അശോക് ഗെലോട്ട് പറഞ്ഞു. വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ തലവന്‍ മുകേഷ് സാഹ്നിയാണ് സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും കൂടുതല്‍ ഉപമുഖ്യമന്ത്രിമാരെ പിന്നീട് പ്രഖ്യാപിക്കാമെന്നും ഗെലോട്ട് കൂട്ടിച്ചേര്‍ത്തു.
''നിതീഷ് കുമാറിനോട് എന്‍ഡിഎ അനീതിയാണ് കാണിക്കുന്നത്. നിതീഷ് കുമാര്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ഞങ്ങള്‍ അമിത് ഷായോട് ചോദിക്കാന്‍ ആഗ്രഹിക്കുന്നു, എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മുമ്പ് നിങ്ങള്‍ നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ട് ഇത്തവണ അങ്ങനെ സംഭവിച്ചില്ല. ഇത് നിതീഷ് കുമാറിന്റെ അവസാന തിരഞ്ഞെടുപ്പാണ്. അമിത് ഷാ അത് വ്യക്തമാക്കിയിട്ടുണ്ട്'' - തേജസ്വി പറഞ്ഞു.
---------------
Hindusthan Samachar / Sreejith S