Enter your Email Address to subscribe to our newsletters

Newdelhi, 23 ഒക്റ്റോബര്‍ (H.S.)
ഡല്‍ഹിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ബിഹാറില്‍ നിന്നുള്ള നാല് കുപ്രസിദ്ധ ഗുണ്ടകളെ പൊലീസ് വെടിവച്ച് കൊന്നു. 'സിഗ്മാ ഗാങ്ങി'ല്‍ പെട്ട നാലു പേരാണ് പൊലീസ് വധിച്ചത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘം വലിയ ഗൂഢാലോചന നടത്തിയിരുന്നുവെന്നാണ് ആരോപണം. നേരത്തെ നിരവധി കേസുകളില്‍ പ്രതികളായ ഇവര്‍ ഗുണ്ടാ ലിസ്റ്റിലെ പ്രധാനികളായിരുന്നു.
രഞ്ജന്‍ പഥക് (25), ബിംലേഷ് മഹ്‌തോ (25), മനീഷ് പഥക് (33), അമന്‍ താക്കൂര്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. രഞ്ജന്‍ പഥക് ആയിരുന്നു 'സിഗ്മാ ഗാങി'ന്റെ നേതാവ്. വര്‍ഷങ്ങളായി, ബിഹാറിലുടനീളം കൊള്ളയടിക്കലിലും വാടക കൊലപാതകങ്ങളിലും ഏര്‍പ്പെട്ടിരുന്ന വലിയ ശൃംഖലയായിരുന്നു 'സിഗ്മാ ഗാങെ'ന്ന് പൊലീസ് പറയുന്നു. രഞ്ജന്‍ പഥക്കിനെ പിടികൂടുന്നവര്‍ക്ക് ബിഹാര്‍ സര്‍ക്കാര്‍ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ പുലര്‍ച്ചെ 2.20നായിരുന്നു ഏറ്റുമുട്ടല്‍. രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാ സംഘം പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വെടിയേറ്റവരെ രോഹിണിയിലെ ഡോ. ബാബ സാഹിബ് അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ബിഹാറിലെ സീതാമര്‍ഹിയിലും സമീപ ജില്ലകളിലുമായി നടന്ന അഞ്ച് കൊലപാതകങ്ങളിലും 'സിഗ്മാ ഗാങ്' പങ്കാളിയായിരുന്നു. സമൂഹമാധ്യമത്തിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും രഞ്ജന്‍ പൊലീസിനെ നിരന്തരം വെല്ലുവിളിച്ചിരുന്നു. ബിഹാര്‍ പൊലീസില്‍ നിന്നും രക്ഷപ്പെടാനാണ് 'സിഗ്മാ ഗാങ്' രഞ്ജന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
---------------
Hindusthan Samachar / Sreejith S