Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ഒക്റ്റോബര്‍ (H.S.)
ഇന്ത്യയുടെ പത്താമത് രാഷ്ട്രപതിയായിരുന്ന കെ. ആർ. നാരായണൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വവും ലാളിത്യത്തിന്റെ പ്രതീകവും ആയിരുന്നെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. പ്രമുഖ രാഷ്ട്രതന്ത്രജ്ഞനും, നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം സമത്വം, സത്യസന്ധത, പൊതുസേവനം എന്നീ മൂല്യങ്ങൾ മുറുകെപ്പിടിക്കാൻ എല്ലാവർക്കും പ്രചോദനമാണ്. രാജ്ഭവനിൽ സ്ഥാപിച്ച മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
വിദ്യാഭ്യാസത്തിനും സാമൂഹ്യനീതിക്കും വേണ്ടി കെ.ആർ. നാരായണൻ നടത്തിയ പരിശ്രമങ്ങൾ എന്നും ഓർമ്മിക്കപ്പെടേണ്ടതാണ്. അചഞ്ചലമായ സമർപ്പണത്തിലൂടെയും വിദ്യാഭ്യാസത്തിന്റെ ശക്തിയിലൂടെയുമാണ് കെ.ആർ. നാരായണൻ രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിൽ എത്തിയത്. ഇന്ത്യൻ വിദേശകാര്യ സർവീസിലെ ഔദ്യോഗിക ജീവിതത്തിലും സമാധാനം, നീതി, സഹകരണം എന്നീ ആശയങ്ങളാണ് കെ.ആർ. നാരായണൻ ഇന്ത്യയ്ക്ക് വേണ്ടി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
രാജ്യത്തിന്റെയും മനുഷ്യന്റെയും വികസനത്തിൽ വിദ്യാഭ്യാസത്തിനുള്ള പങ്കിന് അദ്ദേഹം ഊന്നൽ നൽകി. സാധാരണ ജനങ്ങളുടെ ജീവിതം ഉയർത്തുന്നതിനായി പ്രവർത്തിച്ച അദ്ദേഹം ഭാവി തലമുറകൾക്ക് പ്രചോദനമാകുന്ന നേതൃഗുണങ്ങളുടെ പ്രതീകമാണ്. ധാർമികത, സത്യസന്ധത, അനുകമ്പ, ജനാധിപത്യപരമായ മനോഭാവം എന്നിവ അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ മൂല്യങ്ങളും ജീവിതസന്ദേശവും രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള പാതയിൽ എന്നും മാർഗദീപമാകും. രാജ്ഭവനിൽ കെ.ആർ. നാരായണന്റെ പ്രതിമ സ്ഥാപിക്കുന്നതിലൂടെ രാജ്യത്തിന്റെ സ്‌നേഹാദരവ് അദ്ദേഹത്തിന് നൽകുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു.
മുൻ രാഷ്ട്രപതിമാരുടെ ഓർമ്മ നിലനിർത്തുന്നതിനുള്ള ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് നേതൃത്വം നൽകിയ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാഷ്ട്രപതി നന്ദി അറിയിച്ചു. കെ.ആർ. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സംസാരിച്ചു.
---------------
Hindusthan Samachar / Sreejith S