Enter your Email Address to subscribe to our newsletters

kollam, 23 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ തെരുവില്‍ സമരത്തിന് എഐഎസ്എഫ്. സര്‍ക്കാര്‍ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തുറന്നടിച്ചത്. ഇന്ന് രാത്രി ഓണ്‍ലൈനായി അടിയന്തര നേതൃയോഗം വിളിച്ച എഐഎസ്എഫ് സമരനടപടികള്‍ എങ്ങനെ വേണമെന്നതില്‍ ചര്‍ച്ച നടത്തും. ഇടത് മുന്നണിയുടെ പ്രഖ്യാപിതനയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാനാകുമെന്ന് വിദ്യാഭ്യാസമന്ത്രി കരുതേണ്ടെന്നും എഐഎസ്എഫ് മുന്നറിയിപ്പ് നല്‍കുന്നു. സംഘപരിവാര്‍ അജണ്ടയ്ക്ക് എതിരെയുള്ള പോരാട്ടങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസവകുപ്പിന്റേത് എന്നാണ് എഐഎസ്എഫ് ആരോപിക്കുന്നത്.
എ ഐ എസ് എഫ് പി എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി തികഞ്ഞ വഞ്ചനയും വിദ്യാര്‍ത്ഥിവിരുദ്ധവും പൊതു സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് എ ഐ എസ് എഫ് സംസ്ഥാന എക്സിക്യൂട്ടിവ് ആരോപിച്ചു. സംഘ പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിനെതിരെ അതി ശക്തമായ സമരങ്ങള്‍ക്ക് ഇടതുപക്ഷം നേതൃത്വം നല്‍കുമ്പോള്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. ഇടത് മുന്നണിയുടെ പ്രഖ്യാപിത നയത്തെ അട്ടിമറിച്ച് മുന്നോട്ട് പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി കരുതേണ്ടെന്നും സര്‍ക്കാരിന്റെ വിദ്യാര്‍ത്ഥി വഞ്ചനക്കെതിരെ കടുത്ത പ്രതിഷേധങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ ഉയരുമെന്നും എ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ബിബിന്‍ എബ്രഹാം, സെക്രട്ടറി എ അധിന്‍ എന്നിവര്‍ അറിയിച്ചു.
സിപിഐ എതിര്‍പ്പുകള്‍ മറികടന്നാണ് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഒപ്പുവെച്ചത്. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ പദ്ധതിയെ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. ഇന്ന് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നും പദ്ധതി വേണ്ട എന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ ഈ എതിര്‍പ്പൊന്നും സര്‍ക്കാര്‍ കണക്കിലെടുത്തില്ല.
വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് ലഭ്യമാകും. 1500 കോടിയോളം രൂപ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങി, പിഎം-ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
---------------
Hindusthan Samachar / Sreejith S