Enter your Email Address to subscribe to our newsletters

Kottayam , 23 ഒക്റ്റോബര്‍ (H.S.)
സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഒന്നാമതുള്ള കേരളം രാജ്യത്തിന് മാതൃകയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനച്ചടങ്ങില്‍ സംസാരിക്കവേയാണ് കേരളത്തിന് രാഷ്ട്രപതിയുടെ പ്രശംസ. 21-ാം നൂറ്റാണ്ട് 'വിജ്ഞാന നൂറ്റാണ്ട്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. നവീകരണത്തിന് ഊര്‍ജ്ജം പകരുന്ന അറിവ് സമൂഹത്തെ മുന്നോട്ട് നയിക്കുകയും സ്വയംപര്യാപ്തമാക്കുകയും ചെയ്യുന്നു. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും ശക്തി, നിരവധി മാനവ വികസന സൂചികകളില്‍ മുന്‍നിര സംസ്ഥാനങ്ങളിലൊന്നായിരിക്കാന്‍ കേരളത്തെ പ്രാപ്തമാക്കിയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
പ്രസംഗത്തില്‍ കോട്ടയത്തിനും രാഷ്ട്രപതി കോട്ടയം രാജ്യത്തിന് നല്‍കിയ സംഭാവനകളും എടുത്തുപറഞ്ഞു. എളിമയാര്‍ന്ന ജീവിത സാഹചര്യങ്ങളില്‍ നിന്ന് രാഷട്രപതി വരെയായ കെ ആര്‍ നാരായണന്‍ പാലായ്ക് തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് ജനിച്ചത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പരിവര്‍ത്തനങ്ങളുടെ മഹത്തായ അധ്യായങ്ങള്‍ക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. 'വൈക്കം സത്യാഗ്രഹം' എന്ന് പ്രശസ്തമായ, അയിത്തോച്ചാടനത്തിനായുള്ള മഹത്തായ സമരം നൂറു വര്‍ഷം മുന്‍പ് നടന്നത് കോട്ടയത്താണ്. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും ഉറവിടമായിരുന്നതുകൊണ്ട് ഇത് 'അക്ഷരനഗരി' എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ വളരെ സജീവമായ പങ്ക് വഹിച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് 'സാക്ഷര കേരളം' പ്രസ്ഥാനം ശക്തിപ്പെട്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ പഠനം പ്രോത്സാഹിപ്പിക്കാനുള്ള പി.എന്‍. പണിക്കരുടെ മഹത്തായ സംരംഭത്തിന് പ്രചോദനമായത് 'വായിച്ചു വളരുക' എന്ന വളരെ ലളിതവും എന്നാല്‍ ശക്തവുമായ സന്ദേശമാണെന്നും രാഷ്ട്രപതി പറഞ്ഞു.
വികസനത്തിന്റെയും വളര്‍ച്ചയുടെയും അവസരങ്ങള്‍ കണ്ടെത്തുന്നതിനുള്ള താക്കോലാണ് വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി പറഞ്ഞു. പ്രധാനമായും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റ് തോമസ് കോളേജ് സ്ഥാപിച്ചത്. 75 വര്‍ഷമായി ഈ പ്രശംസനീയമായ ലക്ഷ്യം കോളേജ് നിറവേറ്റുന്നുണ്ടെന്നതില്‍ അവര്‍ സന്തോഷം പ്രകടിപ്പിച്ചു.
സെന്റ് തോമസ് കോളേജ് പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിധികള്‍ രൂപപ്പെടുത്തുന്ന സ്ഥാപനങ്ങളാണെന്ന് രാഷ്ട്രപതി പറഞ്ഞു. സമഗ്രമായ പഠനത്തിനും സാമൂഹിക നീതിക്കും ഊന്നല്‍ നല്‍കുന്നതിലും, സുസ്ഥിരതയുടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതിന്റെയും മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും അവര്‍ സന്തോഷം പ്രകടിപ്പിച്ചു. ധാര്‍മ്മികമായ ദിശാബോധത്തോടെ ബൗദ്ധികമായ അന്വേഷണങ്ങളെ കോളേജ് പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
---------------
Hindusthan Samachar / Sreejith S