മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ്; പേരും ദൃശ്യങ്ങളും പുറത്തുവിട്ട് ഷാഫി പറമ്പില്‍
Kozhikkode, 23 ഒക്റ്റോബര്‍ (H.S.) പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ തന്നെ മര്‍ദിച്ച പോലീസുദ്യോഗസ്ഥനെ തിരിച്ചറിയാന്‍ മുഖ്യമന്ത്രിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പില്‍. തന്നെ മര്‍ദിച്ചത് വടകര കണ്‍ട്ര
shafi


Kozhikkode, 23 ഒക്റ്റോബര്‍ (H.S.)

പേരാമ്പ്രയിലെ സംഘര്‍ഷത്തിനിടെ തന്നെ മര്‍ദിച്ച പോലീസുദ്യോഗസ്ഥനെ തിരിച്ചറിയാന്‍ മുഖ്യമന്ത്രിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറമ്പില്‍. തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അഭിലാഷ് ഡേവിഡിനെതിരെ ഷാഫി പറമ്പില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. മാഫിയാ ബന്ധത്തിന്റെ പേരില്‍ 2023 ജനുവരി 16-ന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനാണ് അഭിലാഷ് ഡേവിഡ്. ഇയാളെ പിരിച്ചുവിട്ടു എന്നും മുന്‍പ് വാര്‍ത്ത വന്നിരുന്നു. ഇയാള്‍ വഞ്ചിയൂര്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്നും എംപി ആരോപിച്ചു.

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പേരാമ്പ്രയില്‍ പോലീസ് ആസൂത്രിതമായി ആക്രമണം നടത്തിയതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു. പോലീസിന്റെ കൈയിലിരുന്ന ഗ്രനേഡ് പൊട്ടിയാണ് തനിക്ക് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ റൂറല്‍ എസ്പി പോലും മര്‍ദനം നടന്നതായി സമ്മതിച്ച ശേഷം എഐ ടൂള്‍ ഉപയോഗിച്ച് ആളെ തിരിച്ചറിഞ്ഞ് നടപടിയെടുക്കും എന്ന് പറഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. സിപിഎം ഇടപെടലിനെ തുടര്‍ന്നാണ് എസ്പി അന്വേഷണം നിര്‍ത്തിയതെന്നും, ഇതുവരെ തന്റെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷമോ കല്ലേറോ ഇല്ലാത്ത സമയത്താണ് ഉദ്യോഗസ്ഥന്‍ തന്നെ മര്‍ദിച്ചതെന്നും ഒരു ഉദ്യോഗസ്ഥന്‍ രണ്ടു തവണ അടിക്കുകയും മൂന്നാമത്തെ അടി മറ്റൊരു ഉദ്യോഗസ്ഥന്‍ തടയുകയുമാണ് ചെയ്തതെന്നും എംപി വ്യക്തമാക്കി.

പേരാമ്പ്രയിൽ സംഘർഷം ഒഴിവാക്കാനാണ് താൻ ശ്രമിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഉണ്ട്. ഇത്ര വലിയ മർദനമേറ്റിട്ടും അവിടുന്നു ഓടി ആശുപത്രിയിൽ പോകാഞ്ഞത് പ്രവർത്തകരെ പിരിച്ചു വിടാൻ വേണ്ടിയാണ്. അവിടെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ശ്രമിച്ചത്. മർദിച്ചില്ലെന്ന് പറഞ്ഞ എസ്പിക്ക് പോലും അത് മാറ്റിപ്പറയേണ്ടി വന്നു. പൊലീസിന്റെ കൈയിൽ ഇരുന്ന ഗ്രനേഡ് പൊട്ടിയാണ് പരിക്കുണ്ടായത്. ഗ്രനേഡ് കൈയിൽ വെച്ച് ഒരു കൈയിൽ ലാത്തി കൊണ്ട് ഡിവൈഎസ്പി ഹരിപ്രസാദ് അടിക്കാൻ ശ്രമിച്ചു. ഗ്രനേഡ് പരിശീലനത്തിന് പിന്നാലെ പൊലീസ് പരിശീലനം നൽകാൻ സർക്കുലർ ഇറക്കി. പൊലീസിന് ഗ്രനേഡ് എറിയാൻ അറിയില്ല എന്ന് വ്യക്തമായതോടെയല്ലേ കോഴിക്കോട് റൂറൽ പൊലീസിന് പരിശീലനം നടത്തിയത്. ​ഗ്രനേ‍ഡ് എറിയേണ്ടത് ആൾക്കൂട്ടത്തിന്റെ ഇടയിലേക്കല്ലെന്നും ഷാഫി പറഞ്ഞു.

---------------

Hindusthan Samachar / Sreejith S


Latest News