Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ഒക്റ്റോബര്‍ (H.S.)
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ക്ഷേമപെന്‍ഷനില്‍ കുടിശക വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കി പിണറായി സര്‍ക്കാര്‍. ഈ മാസത്തെ പെന്‍ഷന്‍ അനുവദിക്കാന്‍ പണം അനുവദിച്ചു. ഒക്ടോബര്‍ മാസത്തിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ വിതരണം ചെയ്യാനായി 812 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 27 മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
62 ലക്ഷത്തോളം പേര്‍ക്കാണ് സംസ്ഥാനത്ത് 1600 രൂപവീതം പെന്‍ഷന്‍ ലഭിക്കുന്നത്. ഇതില്‍ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്‍ഷന്‍ കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ചെലവിട്ടത്.
ക്ഷേമപെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്നതും സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 200 രൂപ വര്‍ദ്ധിപ്പിച്ച് പെന്‍ഷന്‍ തുക 1800 രൂപയായി ഉയര്‍ത്താനാണ് ആലോചനകള്‍ നടക്കുന്നത്. നിലവില്‍ കുടിശ്ശികകള്‍ തീര്‍ത്ത്, എല്ലാ മാസവും നല്‍കുന്ന നിലയിലാണ് സംസ്ഥാനത്തെ ക്ഷേമപെന്‍ഷന്‍ വിതരണം. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് പെന്‍ഷന്‍ ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇത് ഗുണമാകും എന്ന വിലയിരുത്തലാണ് സിപിഎമ്മിനും സര്‍ക്കാരിനുമുള്ളത്.
---------------
Hindusthan Samachar / Sreejith S