Enter your Email Address to subscribe to our newsletters

Kannur, 24 ഒക്റ്റോബര്‍ (H.S.)
അവധി ലഭിക്കാനായി വ്യാജ പിഎസ്‌സി ഹാള്‍ടിക്കറ്റ് ഉണ്ടാക്കി ഹാജരാക്കിയ സംഭവത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ട്രെയിനിക്കെതിരെ അന്വേഷണം.
കെഎപി നാലാം ബറ്റാലിയൻ റിക്രൂട്ട് പൊലീസ് കോണ്‍സ്റ്റബില്‍ കെവി ജിഷ്‌ണുവിനെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജ പിഎസ്‌സി ഹാള്‍ടിക്കറ്റ് ഹാജരാക്കിയെന്ന് കാണിച്ച് പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസറാണ് ജിഷ്‌ണുവിനെതിരെ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇതോടെ അന്വേഷണ വിധേയമായി ജിഷ്‌ണുവിനെ പരിശീലനത്തില്‍ നിന്ന് മാറ്റിനിർത്തി.
ഒക്‌ടോബർ 16ന് നടന്ന പിഎസ്‌സിയുടെ സ്റ്റോർ കീപ്പർ പരീക്ഷ എഴുതാനായാണ് ജിഷ്‌ണുവിന് ഒരു ദിവസത്തെ അവധി അനുവദിച്ചത്. അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ജിഷ്‌ണുവിനോട് പരീക്ഷാ സെന്ററിലെ ഇൻവിജിലേറ്ററുടെ ഒപ്പും ഓഫീസ് സീലും പതിപ്പിച്ച ഹാള്‍ടിക്കറ്റ് ഹാജരാക്കാൻ കെഎപി ബറ്റാലിയൻ പരിശീലനകേന്ദ്രം മേധാവി ആവശ്യപ്പെട്ടു. ഹാള്‍ടിക്കറ്റ് ഹാജരാക്കാത്തതിനാല്‍ രേഖാമൂലം വിശദീകരണം തേടി. തുടർന്ന് സുഹൃത്തായ ഉദ്യോഗാർത്ഥിയുടെ ഹാള്‍ടിക്കറ്റ് സംഘടിപ്പിച്ച് അത് തിരുത്തി ജിഷ്‌ണു സ്വന്തം പേരിലാക്കി.
പരീക്ഷ നടന്ന ചൊവ്വാഴ്‌ച ഹയർസെക്കൻഡറി സ്‌കൂളിലെ പിഎസ്‌പി പരീക്ഷാ ചീഫ് സൂപ്രണ്ടായ പ്രഥമാദ്ധ്യാപകന്റെ ഒപ്പും സീലും ഇതില്‍ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് ഹാള്‍ടിക്കറ്റ് വ്യാജമാണെന്ന് മനസിലായത്. ഇക്കാര്യം പരീക്ഷാ ചീഫ് സൂപ്രണ്ട് പിഎസ്‌സി ജില്ലാ ഓഫീസറെ അറിയിച്ചു. പിഎസ്‌സി വിശദീകരണം തേടിയപ്പോള്‍ ഹാജരായ ജിഷ്‌ണു നടന്ന കാര്യങ്ങള്‍ എഴുതി നല്‍കി. പിഎസ്‌സി ജില്ലാ ഓഫീസർ ഇത് കെഎപി നാലാം ബറ്റാലിയൻ പരിശീലനകേന്ദ്രം മേധാവിക്ക് കൈമാറി. ഇതോടെയാണ് പരിശീലനത്തില്‍ നിന്ന് മാറ്റിനിർത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനായി ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ എൻ ബിജുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ അവധി ലഭിക്കില്ലെന്ന് മനസിലാക്കിയ ജിഷ്ണു വ്യാജ ഹാള്‍ടിക്കറ്റ് ഉണ്ടാക്കി ഹാജരാക്കാൻ ശ്രമിച്ചുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അന്വേഷണ റിപ്പോർട്ട് പുറത്തുവരും വരെ ജിഷ്ണുവിനെ പരിശീലത്തില്‍ നിന്നും മാറ്റി നിർത്തി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR