Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഒക്റ്റോബര്‍ (H.S.)
വിവാദങ്ങൾക്ക് പിന്നാലെ പിഎം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ധാരണാപത്രം കേന്ദ്രനിലപാട് മറികടക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കുട്ടികൾക്ക് അവകാശപ്പെട്ട പണം വേണ്ടന്ന് വയ്ക്കില്ല. നിലവിലുള്ള പാഠ്യപദ്ധതിയും പാഠപുസ്തകവും മാറില്ലെന്നും അന്തിമ തീരുമാനം സംസ്ഥാനത്തിന്റേത് മാത്രമാണെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
പദ്ധതിയിൽ ഒപ്പിടാത്തതിൻ്റെ പേരിൽ കേന്ദ്ര സർക്കാർ ഫണ്ട് തടഞ്ഞുവച്ചിരിക്കുകയായിരുന്നു എന്ന് വി. ശിവൻകുട്ടി പറയുന്നു. നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് തടഞ്ഞുവെച്ച് കേരളത്തെ ഞെരുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ തന്ത്രപരമായ തീരുമാനമാണിത്. കേരളത്തിൻ്റെ പൊതു വിദ്യാഭ്യാസരംഗത്തെ തകർക്കുന്ന ഒരു നീക്കത്തെയും സർക്കാർ അനുവദിക്കില്ല. നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട പണം ലഭിക്കുക തന്നെവേണം. 2027 മാർച്ചിൽ പിഎം ശ്രീ പദ്ധതി അവസാനിക്കും. ഇപ്പോൾ ഒപ്പിടുന്നതിലൂടെ സംസ്ഥാനത്തിന് 1476.13 കോടി രൂപ ലഭിക്കും, വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു.
പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടെന്നാൽ പോലും പാഠ്യ പദ്ധതിയുടെ വർഗീയ വൽക്കരണത്തിന് പിന്നിൽ നിന്നുകൊടുക്കാൻ കേരളം തയ്യാറല്ലെന്ന് മന്ത്രി തറപ്പിച്ചു പറഞ്ഞു. കുട്ടികളുടെ ഭാവി പന്താടി കൊണ്ട് ഒരു രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങാൻ തയ്യാറല്ല. സമഗ്ര ശിക്ഷാ അഭിയാൻ ഫണ്ട് വാങ്ങുമ്പോൾ പോലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയിട്ടില്ല. പാഠ്യ പദ്ധതിയുടെ വർഗീയ വൽക്കരണത്തിന് പിന്നിൽ നിന്നുകൊടുക്കാൻ കേരളം തയ്യാറല്ല. നിലവിലെ പാഠ്യപദ്ധതിയും പുസ്തകങ്ങളും തന്നെയായിരിക്കും കേരളത്തിലെ എല്ലാ സ്കൂളുകളിലും പഠിപ്പിക്കുക. പാഠ്യപദ്ധതി സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേത് മാത്രമാണ്, മന്ത്രി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ നിലപാട് മാറ്റിയെന്നും മന്ത്രി പറയുന്നു. ദേശീയ വിദ്യാഭ്യാസമയത്തെ അംഗീകരിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ എല്ലാ കാലത്തും അങ്ങനെ നിൽക്കാൻ കഴിയില്ല. കാലത്തിന് അനുസരിച്ച് നയങ്ങൾ മാറ്റേണ്ടി വരും. നയത്തിൽ താൻ നിലപാട് മാറ്റി. നിലപാട് മാറ്റി എന്നു പറഞ്ഞാൽ എ ടു ഇസഡ് വരെ മാറ്റിയെന്നല്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.
പിഎം എന്ന പേര് കേന്ദ്ര പദ്ധതികൾക്ക് സാധാരണയായി വയ്ക്കാറുള്ളതാണെന്ന് വി. ശിവൻകുട്ടി വിശദീകരിച്ചു. പിഎം എന്ന പേര് ഉള്ളത് കൊണ്ട് മാത്രം പണം വേണ്ടെന്ന് വക്കാൻ പറ്റില്ല. പ്രധാനമന്ത്രിയുടെ പേരോ, ചിത്രമോ വയ്ക്കണമെന്ന് ഒരു നിബന്ധനയിലും ഇല്ല. പദ്ധതിയിൽ സിപിഐയെ ഞങ്ങൾ ബോധ്യപ്പെടുത്താമെന്നും നിങ്ങൾ ബുദ്ധിമുട്ടണ്ടെന്നും വി. ശിവൻകുട്ടി പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR