Enter your Email Address to subscribe to our newsletters

Ernakulam, 24 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീയിൽ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വീരവാദം മുഴക്കലിന് അവസാനം മന്ത്രിസഭാ അംഗങ്ങൾ പോലും അറിയാതെ സർക്കാർ പിഎം ശ്രീയിൽ ഒപ്പുവച്ചുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. സിപിഐയുടെ അഭിപ്രായങ്ങൾ കാറ്റിൽ പറത്തിയാണ് സർക്കാർ പിഎം ശ്രീയിൽ ഒപ്പുവെച്ചത്. സംസ്ഥാനത്ത് നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
പണ്ട് സിപിഐഎം- ബിജെപി ഇടനിലക്കാരൻ ശ്രീ എം ആയിരുന്നു, എന്നാൽ ഇപ്പോഴത് പിഎം ശ്രീ ആയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സംസ്ഥാനങ്ങളുടെ മേലെ കേന്ദ്രനയം അടിച്ചേൽപ്പിക്കുന്നതാണ് പദ്ധതി. എൻഇപി അടിച്ചേൽപ്പിക്കുന്നു. ആയുഷ്മാൻ ആരോഗ്യ പദ്ധതിയും ഇതുപോലെ അംഗീകരിച്ചു. ആരോടും ആലോചിക്കാതെ ഒറ്റയ്ക്ക് ഒരു പാർട്ടി ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്നും വി.ഡി. സതീശൻ പറഞ്ഞു.
കോൺഗ്രസ് സർക്കാരുകൾ പദ്ധതിയിൽ ഒപ്പു വയ്ക്കുമ്പോൾ നിലവിലെ നയം ഇല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. പദ്ധതി തുക വേണ്ട എന്നല്ല, നിബന്ധനകൾ അംഗീകരിക്കുന്നതിലാണ് പ്രശ്നം. അപമാനം സഹിച്ച് മുന്നണിയിൽ തുടരണമോ എന്ന് സിപിഐ തീരുമാനിക്കണം. ഇത്രയും നാണക്കേട് സഹിച്ച് ഏത് പാർട്ടിയാണ് മുന്നണിയിൽ തുടരുക. എന്ത് രാഷ്ട്രീയ സമ്മർദമാണ് കേരള മുഖ്യമന്ത്രിക്ക് ഉണ്ടായത് എന്ന് പറയണം. പ്രധാനമന്ത്രിയെ കണ്ട ശേഷമാണ് നിലപാട് മാറിയത്. എം.എ. ബേബി പറഞ്ഞതിന് വിരുദ്ധമായാണ് കാര്യങ്ങൾ നടക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
സിപിഐയെ പലതവണ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തതാണെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ ബിനോയ് വിശ്വവുമായി നേരിട്ട് നടത്തിയിട്ടില്ല. സൗഹൃദ സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. മറ്റ് പല നേതാക്കളുമായി സംസാരിച്ചിട്ടുണ്ട്. ബിനോയ് വിശ്വം കാണാൻ തയ്യാറാണെങ്കിൽ തങ്ങളും തയ്യാറാണെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR