Enter your Email Address to subscribe to our newsletters

Bihar 24 ഒക്റ്റോബര്‍ (H.S.)
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തെ നയിക്കുന്ന നേതാക്കള്‍ അഴിമതിക്കേസുകളില്‍ ജാമ്യത്തിലിറങ്ങിയവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പോക്കറ്റില്‍ ഭരണഘടനയുടെ കോപ്പിയുമായി നടക്കുന്നവര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ച് മോദി പറഞ്ഞു. ബിഹാറിലെ സമസ്തിപൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'കര്‍പൂരി ഠാകൂറില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഞങ്ങള്‍ ബിഹാറില്‍ സദ്ഭരണത്തെ അഭിവൃദ്ധിയായി മാറ്റുകയാണ്. അതേസമയം, കോണ്‍ഗ്രസും ആര്‍.?ജെ.ഡിയും എന്താണ് ചെയ്യുന്നതെന്ന് ജനം കാണുന്നുണ്ട്. ഈ ആളുകള്‍ ആയിരക്കണക്കിന് കോടികളുടെ തട്ടിപ്പുകളില്‍ ജാമ്യത്തിലാണ്,' മോദി പറഞ്ഞു.
ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെ കടന്നാക്രമിച്ച മോദി, ആ ജംഗിള്‍ രാജ് വീണ്ടും സംഭവിക്കാന്‍ ബിഹാര്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി. ആര്‍.ജെ.ഡി പോലുള്ള ഒരു പാര്‍ട്ടി അധികാരത്തിലിരിക്കുന്നിടത്ത് ക്രമസമാധാനം നിലനില്‍ക്കില്ല. ആര്‍.ജെ.ഡി ഭരണത്തിന് കീഴില്‍ കൊള്ളയും, കൊലപാതകവുമടക്കം കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു. ദലിതരും പിന്നോക്ക വിഭാഗക്കാരും യുവാക്കളും സ്ത്രീകളും ദുരിതമനുഭവിച്ചു.
ആര്‍.ജെ.ഡി ഭരണത്തിന് കീഴില്‍ നക്‌സലിസവും മാവോയിസ്റ്റ് ഭീകരതയും തഴച്ചുവളര്‍ന്നു. യുവാക്കളെ ഈ മാവോയിസ്റ്റ് ഭീകരതയില്‍ നിന്ന് മോചിപ്പിക്കാന്‍ താന്‍ ദൃഢനിശ്ചയം ചെയ്തു. വളരെ വേഗം, മുഴുവന്‍ രാജ്യവും, മുഴുവന്‍ ബീഹാറും, മാവോയിസ്റ്റ് ഭീകരതയില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകും, ഇതാണ് തന്റെ ഉറപ്പെന്നും മോദി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുടെ ആദ്യ റാലിയാണ് ഇന്ന് നടന്നത്. ഇതില്‍ തന്നെ മഹാസഖ്യത്തെ കടന്നാക്രമിച്ചാണ് പ്രധാനമന്ത്രി തുടങ്ങിയിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S