Enter your Email Address to subscribe to our newsletters

Kochi, 24 ഒക്റ്റോബര്‍ (H.S.)
നാലു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് മടങ്ങും. കൊച്ചിയലാണ് ഇന്ന് രാഷ്ട്രപതിയുടെ പരിപാടികള്‍. നിലവില്‍ കുമരകത്താണ് രാഷ്ട്രപതിയുളളത്. രാവിലെ 11നു രാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിലെ ഹെലിപ്പാഡില്‍ എത്തും. അവിടെ നിന്നും കൊച്ചിയിലേക്ക് പോകും. ഇന്നു രാവിലെയും കോട്ടയത്ത് ഗതാഗത നിയന്ത്രണമുണ്ട്. കോട്ടയം- കുമരകം റോഡ് വഴി എത്തുന്ന രാഷ്ട്രപതി ബേക്കര്‍ ജംക്ഷന്‍, കുര്യന്‍ ഉതുപ്പ് റോഡ്, ലോഗോസ് ജംക്ഷന്‍ വഴി ഹെലിപ്പാഡില്‍ എത്തും. ഈ വഴിയില്‍ കര്‍ശന നിയന്ത്രണമുണ്ട്.
ഇന്നലെ കുമരകം താജ് ഹോട്ടലില്‍ എത്തിയ രാഷ്ട്രപതിയെ ചെണ്ടമേളത്തോടെയാണു സ്വീകരിച്ചത്. ബഗ്ഗിയില്‍ കയറിയ രാഷ്ട്രപതി കായലോരത്തെ മുറിയിലേക്കു പോയി. 24-ാം നമ്പര്‍ മുറിയിലായിരുന്നു താമസം. രാത്രി എട്ടോടെ തിരികെ റിസപ്ഷന്‍ ഭാഗത്ത് എത്തിയ രാഷ്ട്രപതി കഥകളി, ചെണ്ടമേളം, ഭരതനാട്യം എന്നിവ ആസ്വദിച്ചു. ഇന്നു രാവിലെ 7നു ഹൗസ് ബോട്ടില്‍ രാഷ്ട്രപതി യാത്ര നടത്തി.
കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതിക്കു സ്വീകരണം നല്‍കും. ശേഷം റോഡ് മാര്‍ഗം 11.55നു എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തും. കോളജിന്റെ ശതാബ്ദി ആഘോഷങ്ങളില്‍ മുഖ്യാതിഥിയാകും. ചടങ്ങിനു ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡില്‍ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററില്‍ 1.45നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു തിരിക്കും.
സന്ദര്‍ശനം കണക്കിലെടുത്ത് ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്‌നര്‍ റോഡ്, ഇടപ്പള്ളി എന്നീ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തോട്ട് തിരിഞ്ഞ് അലക്‌സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍ ജംഗ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് വൈറ്റില ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കടവന്ത്ര ജങ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂര്‍ ജങ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോടതി ജങ്ഷനിലെത്തി കണ്ടെയ്‌നര്‍ റോഡ് ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി - വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസ് ഉപയോഗിക്കേണ്ടതാണ്.
തേവര ഫെറി ഭാഗത്തു നിന്നും കലൂര്‍, ഇടപ്പള്ളി ഭാഗത്തേക്ക് വരുന്ന ചെറു വാഹനങ്ങള്‍, പണ്ഡിറ്റ് കറുപ്പന്‍ റോഡിലൂടെ മട്ടമ്മല്‍ ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് പനമ്പിള്ളി നഗര്‍ വഴി മനോരമ ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് കെ.െക. റോഡിലൂടെ കലൂര്‍ ജങ്ഷനിലെത്തി പോകേണ്ടതാണ്.വൈപ്പിന്‍ ഭാഗത്തുനിന്നും ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍, ഹൈക്കോടതി ജങ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കലൂര്‍ ജങ്ഷനിലെത്തി കെ.കെ റോഡിലൂടെ കടവന്ത്ര ജങ്ഷനിലെത്തി ഇടത്തേക്ക് തിരിഞ്ഞ് സഹോദരന്‍ അയ്യപ്പന്‍ റോഡിലൂടെ വൈറ്റിലയില്‍ എത്തി കുണ്ടന്നൂര്‍ ജങ്ഷനില്‍ നിന്നും കുണ്ടന്നൂര്‍ പാലം വഴി തോപ്പുംപടി ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി - വൈപ്പിന്‍ ജങ്കാര്‍ സര്‍വ്വീസ് ഉപയോഗിക്കേണ്ടതാണ്.
---------------
Hindusthan Samachar / Sreejith S