Enter your Email Address to subscribe to our newsletters

Ernakulam, 25 ഒക്റ്റോബര്‍ (H.S.)
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൊച്ചിയിലെ പരിപാടിയില്‍നിന്ന് മേയർ അഡ്വ. എം. അനില്‍കുമാറിനെ ഒഴിവാക്കിയതില്‍ പ്രതികരിച്ചുകൊണ്ട് അശോക് കർത്ത സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.
സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് അനില്‍കുമാറിനെ ഒഴിവാക്കിയത്.
ഫേസ്ബുക് പോസ്റ്റ്…
രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമ്മു പങ്കെടുത്ത ചടങ്ങില്‍ നിന്നു ബഹു. കൊച്ചി മേയർ അഡ്വ. എം.അനില്‍ കുമാർ ഒഴിവാക്കപ്പെട്ടു. കോളേജ് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങാണ്. അതില്‍ ആരൊക്കെ പങ്കെടുക്കണമെന്നു കോളേജ് അധികൃതർക്ക് തീരുമാനിക്കാം. ഒഴിവാക്കണമെന്നും. മാനേജ്മെൻ്റ് ചേർക്കുന്നതും പിൻവലിക്കുന്നതുമായ പേരുകള്‍ മാത്രമെ രാഷ്ട്രപതിഭവനു പരിഗണിക്കാൻ പറ്റുകയുള്ളു. ഇവിടെ ആരേയും രാഷ്ട്രപതിഭവനു പ്രത്യേകിച്ച് ഒരു പരിചയവുമില്ല.
താൻ ക്ഷണിക്കപ്പെട്ടിരുന്നതായി ബഹു. മേയർ വാർത്താമാദ്ധ്യമങ്ങളോട് പറഞ്ഞു. കൊച്ചി നഗരമദ്ധ്യത്തിലെ പാർക്ക് അവന്യുവിലാണ് സെൻ്റ് തെരസാസ് കോളേജ്. നഗരത്തിൻ്റെ അഭിമാനം. മൂവായിരത്തിലധികം പെണ്‍കുട്ടികള്‍ പഠിക്കുന്നു. കെ.ആർ.ഗൗരിയുടെ ബിരുദപഠനം സെൻ്റ് തെരസാസിലായിരുന്നു. ചരിത്രത്തില്‍. ജ.സിർച്ചി, ജ. അനുശിവരാമൻ തുടങ്ങിയവരും അവിടെയാണ് പഠിച്ചത്.
കവയത്രി വിജയലക്ഷ്മി, DRDO സയൻ്റിസ്റ്റ് ലെക്സി അലക്സാണ്ടർ, കേന്ദ്രസർക്കാർ ജോയിൻ്റ് ഡയറക്ടർ എ.പി.മീര, ഫിലിം ആർട്ടിസ്റ്റ് രമ്യ നമ്ബീശൻ, സംവൃത സുനില്‍, ആങ്കർ പൂർണ്ണിമ ഇന്ദ്രജിത്തും അവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. വളരെ പാരമ്ബര്യമുള്ള കോളേജാണ്. കോളേജിനും, മാനേജുമെൻ്റിനും പക്ഷെ നഗരസഭയോടുള്ള ബന്ധവും കടപ്പാടും വിലയിരുത്താൻ കഴിയാതെ പോയി. കോളേജിനു ചുറ്റുമുള്ള റോഡ്, നടപ്പാത, ഉപവനങ്ങളുടെ നിർമ്മാണത്തിനും, സൗന്ദര്യവല്‍ക്കരണത്തിനും അറ്റകുറ്റത്തിനും, നഗരസഭ ലക്ഷങ്ങള്‍ ചിലവാക്കുന്നുണ്ട്.
തെരുവ് വിളക്കുകള്‍ കത്തിക്കുന്നതും ബില്ല് അടക്കുന്നതും കോർപ്പറേഷനാണ്. മൂന്നു ഇൻകാമ്ബസ് ഹോസ്റ്റലുണ്ട്. അവിടെ വെള്ളമെത്തിക്കുന്നതും, മലിനജലം ഒഴുക്കികളയുന്നതും നഗരസഭയാണ്. സാനിറ്ററി നാപ്കിൻ ഉള്‍പ്പെടെ മാലിന്യ സംസ്കരണത്തിനും നഗരസഭ എടുക്കുന്ന ഉത്തരവാദിത്തവും കണ്ടില്ല. അവയ്ക്ക് ചെലവാക്കുന്ന കോടികളും പരിഗണിച്ചില്ല. കോളേജിലെ പരിപാടിയില്‍ നിന്നു നഗരപിതാവ് എം.അനില്‍ കുമാറിനെ ഒഴിവാക്കി എന്നത് മാത്രമല്ല കൊച്ചി കോർപ്പറേഷനെ മൊത്തമായി അപമാനിക്കുകയും ചെയ്തു.
ഗവർണറേയും വിട്ടില്ല. പരസ്യങ്ങളില്‍ ബഹു. ആർലേക്കറുടെ ചിത്രം ചെറുതാക്കിയാണ് കൊടുത്തത്. ഏതാനും ദിവസം മുമ്ബ് കൊച്ചി തിരിച്ചുപിടിക്കണമെന്നു യു.ഡി.എഫിൻ്റെ ഒരു വാർത്ത വന്നിരുന്നു. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും കാലാവധി പൂർത്തിയാക്കിയ നഗരസഭയാണ് എല്‍.ഡി.എഫിൻ്റേത്. ബ്രഹ്മപുരം, പുതുക്കിപ്പണിത കോർപ്പറേഷൻ മന്ദിരം, മാർക്കറ്റ്, തുരുത്തി ഫ്ലാറ്റ് തുടങ്ങിയ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച് എല്‍.ഡി.എഫ് തെരെഞ്ഞെടുപ്പിനെ നേരിടുമെന്നു യു.ഡി.എഫിനു ഭയം കാണും. നഗരപിതാവിനെ ഒഴിവാക്കിയതിനു പിന്നില്‍ ആരായിരിക്കുമെന്നു ആർക്കും ഊഹിക്കാവുന്നതേ ഉള്ളു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR