Enter your Email Address to subscribe to our newsletters

Thrissur, 25 ഒക്റ്റോബര്‍ (H.S.)
കേരള കലാമണ്ഡലത്തെ കുറിച്ച് ചാൻസിലർ മല്ലികാ സാരാഭായിയുടെ പരാമർശത്തെ തള്ളി വൈസ് ചാൻസിലർ.കലാമണ്ഡലം ലോകത്തിലെ തന്നെ ഏറ്റവും നല്ല കലാസ്ഥാപനമാണ്. പഠനത്തിൻ്റെ കാര്യത്തിലും പ്രവർത്തനത്തിൻ്റെ കാര്യത്തിലും ഒട്ടേറെ മാറ്റങ്ങൾ കലാമണ്ഡലം കൈവരിക്കുന്നുണ്ട് എന്ന് വൈസ് ചാൻസിലർ ഡോ. ആർ. അനന്തകൃഷ്ണൻ പറഞ്ഞു.
ജീവനക്കാരുടെ വിദ്യാഭ്യാസക്കുറവ് കലാമണ്ഡലത്തെ പ്രതിസന്ധിയിലാക്കുന്നുവെന്ന മല്ലിക സാരാഭായിയുടെ പരാമർശത്തെ തള്ളി കൊണ്ടാണ് അനന്തകൃഷ്ണൻ പ്രതികരിച്ചത്. തൻ്റെ രണ്ട് വർഷത്തെ അനുഭവങ്ങളിൽ നിന്നും നിയമനങ്ങളിൽ ഒരു ബാഹ്യ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് പറയാൻ സാധിക്കും. കലാരംഗത്ത് മികച്ചുനിൽക്കുന്നവരെ അധ്യാപകരായി കൊണ്ടുവരാനാണ് ശ്രമിച്ചിട്ടുള്ളത് എന്നും, കലാമണ്ഡലത്തിൽ കഴിവിനാണ് പ്രാധാന്യം നൽകുന്നത് എന്നും ഡോ.ആർ അനന്തകൃഷ്ണൻ കൂട്ടിച്ചേർത്തു.
കലാമണ്ഡലത്തിലെ അധ്യാപകർ ഏറ്റവും മികച്ച രീതിയിലാണ് കല കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിൽ തന്നെ ഇത്രയും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനം ഉണ്ടോ എന്ന് സംശയമാണ്. കലാമണ്ഡലം കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും ഡോ. ആർ അനന്തകൃഷ്ണൻ വ്യക്തമാക്കി.
കേരള കലാമണ്ഡലം കടുത്ത പ്രതിസന്ധിയിലാണ് എന്നായിരുന്നു ചാൻസലർ മല്ലികാ സാരാഭായ് പറഞ്ഞത്. ഉദ്യോഗസ്ഥർക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും, -മെയിൽ അയക്കാൻ പോലും ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവരാണ് ജീവനക്കാർ എന്നും മല്ലികാ സാരാഭായി കുറ്റപ്പെടുത്തിയിരുന്നു.
പരിശീലനം നൽകിയ പുതിയ ആളുകളെ കൊണ്ടുവരുന്നതിന് പകരം പരിശീലനം നൽകാത്തവരെയാണ് കലാമണ്ഡലത്തിൽ ഉദ്യോഗാർഥികളായി നിയമിക്കുന്നത്. അവർക്ക് ചെയ്യാൻ സാധിക്കാത്തതാണ് അവരെ കൊണ്ട് ചെയ്യിക്കുന്നത്. ഇതാണ് കാലാകാലങ്ങളായി നടക്കുന്നത്.
കമ്പ്യൂട്ടർ വൈദഗ്‌ധ്യവും അക്കൗണ്ടിങ് സ്കില്ലുമുള്ള ഉദ്യോഗാർഥികളെയാണ് ആവശ്യം.ഇതാണ് പ്രധാനമായും പ്രതിസന്ധിയാകുന്നതെന്നും മല്ലികാ സാരാഭായി വിമർശിച്ചിരുന്നു. ജോലിക്ക് പ്രാപ്തരായവരെയാണ് നിയമിക്കുന്നതെങ്കിൽ ഏത് പാർട്ടിയാണെങ്കിലും തനിക്ക് കുഴപ്പമില്ലെന്നും, എന്നാൽ പാർട്ടി നിയമനം കലാമണ്ഡലത്തിൻ്റെ നടത്തിപ്പിനെ ബാധിക്കുന്നുവെന്നും മല്ലികാ സാരാഭായ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR