Enter your Email Address to subscribe to our newsletters

Kochi, 25 ഒക്റ്റോബര്‍ (H.S.)
19 മാസത്തെ കാത്തിരിപ്പിനൊടുവില്‍ ലത്തീന്‍ കത്തോലിക്ക സഭയുടെ കൊച്ചി രൂപതക്ക് പുതിയ ഇടയനെ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഇന്ന് പ്രഖ്യാപിച്ചു. രൂപത ജുഡീഷ്യല്‍ വികാറും, കുമ്പളങ്ങി പള്ളി വികാരിയുമായ ഫാദര്‍ ആന്റണി കാട്ടിപ്പറമ്പില്‍ ആണ് പുതിയ മെത്രാന്‍.
ഇന്ന് ഇറ്റാലിയന്‍ സമയം ഉചയ്ക്ക് 12 മണിക്കാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഇതിനൊപ്പം ഇന്ത്യന്‍ സമയം വൈകിട്ട് 3.30ന് ഫോര്‍ട്ടു കൊച്ചി ബിഷപ്പ്‌സ് ഹൗസിലെ ചാപ്പലില്‍ വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെയും മറ്റ് ബിഷപ്പുമാരുടെയും സാന്നിധ്യത്തില്‍ കൊച്ചി രൂപത അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ജെയിംസ് റാഫേല്‍ ആനാ പറമ്പില്‍ പുതിയ ബിഷപ്പിന്റെ പേര് പ്രഖ്യാപിക്കുകയും സ്ഥാനീയ ചിഹ്നങ്ങള്‍ അണിയിക്കുകയും ചെയ്തു.
2024 മാര്‍ച്ച് 2 ന് ഡോ. ജോസഫ് കരിയില്‍ വിരമിച്ചതിനെ തുടര്‍ന്ന് കൊച്ചി രൂപത അഡ്മിനിസ്‌ട്രേറ്ററുടെ ഭരണത്തിന്‍ കീഴിലായിരുന്നു. 2024 ഒക്ടോബര്‍ 4 വരെ വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ഷൈജു പരിയാത്തുശ്ശേരി അഡ്മിനിസ്‌ട്രേറ്ററായി സേവനമനുഷ്ഠിച്ചു.
ബിഷപ്പ് നിയമനം നീണ്ടു പോയതിനെ തുടര്‍ന്ന് ആലപ്പുഴ രൂപത മെത്രാന്‍ ബിഷപ്പ് ജെയിംസ് റാഫേല്‍ ആനാ പറമ്പിലിനെ മാര്‍പ്പാപ്പ അപ്പോസ്റ്റലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയുമായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR