Enter your Email Address to subscribe to our newsletters

Pathanamthitta, 25 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. സ്വര്‍ണ വ്യാപാരി ഗോവർദ്ധന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണം കണ്ടെടുത്ത് എസ്ഐടി. ബല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നിന്നാണ് അന്വേഷണ സംഘം സ്വർണം വീണ്ടടുത്തത്. ഇന്നലെ വൈകുന്നേരം എസ് പി ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്വർണ കട്ടികളാണ് കണ്ടെടുത്തത്. 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണ്ണനാണയങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിലെ സ്വർണ പാളികളിൽ നിന്ന് വേർതിരിച്ച സ്വർണം കര്‍ണാടകയിലെ സ്വര്‍ണ വ്യാപാരിക്ക് ഉണ്ണികൃഷ്ണൻ പോറ്റി വിറ്റുവെന്ന് എസ്ഐടി ഇന്നലെ കണ്ടെത്തിരുന്നു. ബല്ലാരി സ്വദേശിയായ ഗോവർദ്ധനാണ് സ്വര്‍ണം വിറ്റതെന്ന് സമ്മതിച്ച് പോറ്റിയും വാങ്ങിയതായി ഗോവർദ്ധനും അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്താണ് ബെല്ലാരിയിലെ റോഡം ജ്വല്ലറി ഉടമയായ ഗോവർദ്ധൻ. ശാന്തിക്കാരനായിരിക്കെ ശ്രീറാംപുരിയിലെ അയ്യപ്പ ക്ഷേത്രത്തിൽ വച്ചാണ് അയ്യപ്പ ഭക്തനായ ഗോവര്‍ധൻ പോറ്റിയെ പരിച്ചയപ്പെടുന്നത്. ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയും പിന്നീട് സ്പോണ്‍സറുമായി പോറ്റി എത്തിയപ്പോഴും സൗഹൃദം തുടരുക ആയിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബംഗളൂരുവിൽ എത്തിച്ചാണ് അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ്. ബംഗളൂരുവിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്, ബെല്ലാരിയിൽ സ്വർണം വിൽപ്പന നടത്തിയ സ്ഥലം, ദ്വാരപാലക പാളികൾ അറ്റകുറ്റപ്പണി നടത്തിയ ഹൈദരാബാദിലെ സ്ഥാപനം, ചെന്നൈ സ്മാർട്ട് ക്രിയേഷൻ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടക്കുന്നത്. ഈ മാസം 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.
---------------
Hindusthan Samachar / Roshith K