Enter your Email Address to subscribe to our newsletters

Kozhikode, 25 ഒക്റ്റോബര്‍ (H.S.)
താമരശേരിയിൽ നിന്ന് നാടുവിട്ട വിദ്യാർഥികൾ ഓൺലൈൻ വാതുവെപ്പിൻ്റെ ഇരകളാണെന്ന് കണ്ടെത്തൽ. മൂന്ന് കുട്ടികളാണ് ഇത്തരത്തിൽ നാടുവിട്ടത്. തങ്ങളെ കുടുക്കാൻ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും, അവർ ആദ്യം പണം നൽകുകയും പിന്നീട് ഇരട്ടിത്തുക തിരികെ നൽകണമെന്ന് നിബന്ധന വച്ചിരുന്നതായും കുട്ടികൾ വെളിപ്പെടുത്തി. പണം നഷ്ടപ്പെട്ടാൽ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികൾ പറഞ്ഞു.
ബെംഗളൂരുവിലേക്ക് പോയ കുട്ടികളെ പൊലീസ് ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. കൗൺസിലിങ്ങിനിടെയാണ് കുട്ടികൾ തുറന്നുപറച്ചിൽ നടത്തിയത്. പണം നൽകിയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപ വരെ വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
രണ്ടാഴ്ച മുൻപാണ് താമരശേരിയിൽ ട്യൂഷൻ സെൻ്ററിൽ ഒരുമിച്ചു പഠിക്കുന്ന രണ്ട് വിദ്യാർഥികളെ കാണാതാകുന്നത്. രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികൾ ബെംഗളൂരുവിലേക്ക് നാടുവിട്ടതാണെന്ന് കണ്ടെത്തി.
കുട്ടികളെ കൗൺസിലിങ്ങിനായി ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് മുൻപാകെ ഹാജരാക്കിയപ്പോഴാണ്, ഓൺലൈൻ വാതുവെപ്പിൽ ഇരകളാക്കി ചൂഷണം ചെയ്യുന്ന സംഘത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. കുട്ടികൾക്ക് പണം അയച്ചവരുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്. അടുത്തിടെ പ്ലസ് വൺ വിദ്യാർഥിക്ക് 25,000 രൂപയാണ് നഷ്ടമായത്. മാഫിയാ സംഘത്തിൽ നിന്ന് കുട്ടികളുടെ ജീവന് ഭീഷണി നേരിട്ടേക്കാമെന്നും ആശങ്കയുണ്ട് .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR