പിഎം ശ്രീയിൽ മഞ്ഞുരുകിയില്ല; മന്ത്രി വി ശിവൻകുട്ടി എത്തിയിട്ടും നിലപാടിൽ മാറ്റമില്ലാതെ CPI
Kerala, 25 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ ഉയര്‍ന്നിരിക്കുന്ന പടലപ്പിണക്കം പരിഹരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടിട്ടും പ്രശ്ന പരിഹാരത്തിന് തീരുമാനമായില്ല. അഭിപ്രായ ഭിന്നതള്‍ പരിഹരിക
പിഎം ശ്രീയിൽ മഞ്ഞുരുകിയില്ല; മന്ത്രി വി ശിവൻകുട്ടി എത്തിയിട്ടും നിലപാടിൽ മാറ്റമില്ലാതെ CPI


Kerala, 25 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ ഉയര്‍ന്നിരിക്കുന്ന പടലപ്പിണക്കം പരിഹരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ഇടപെട്ടിട്ടും പ്രശ്ന പരിഹാരത്തിന് തീരുമാനമായില്ല. അഭിപ്രായ ഭിന്നതള്‍ പരിഹരിക്കാന്‍ എം എന്‍ സ്മാകത്തിലെത്തിയ മന്ത്രി ശിവന്‍കുട്ടി സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മന്ത്രി ജി ആര്‍ അനില്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്. സി പി ഐയുടെ എതിര്‍പ്പുകള്‍ അത്രകാര്യമാക്കേണ്ടന്ന ആദ്യ നിലപാടില്‍ മാറ്റം വരുത്തിയിരിക്കുകയാണ് സി പി ഐ എം നേതൃത്വം.

ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കിയ എക്‌സൈസ് വകുപ്പിന്റെ നടപടിക്കെതിരെ ഇതുപോലൊരു പ്രതിഷേധം സി പി ഐ നടത്തിയിരുന്നു. അന്ന് മന്ത്രി എം ബി രാജേഷ് സി പി ഐ ഓഫീസില്‍ നേരിട്ടെത്തി സി പി ഐ നേതാക്കളുമായി സംസാരിച്ചതോടെ മഞ്ഞുരുകുകയായിരുന്നു. എന്നാൽ ഇത്തവണ നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ലെന്നാണ് സി പി ഐ ദേശീയ എക്‌സിക്യുട്ടീവ് അംഗമായ കെ പ്രകാശ് ബാബു വ്യക്തമാക്കിയിരിക്കുന്നത് . തിങ്കളാഴ്ച നടക്കുന്ന സംസ്ഥാന എക്‌സിക്യുട്ടീവില്‍ അന്തിമ തീരുമാനം ഉണ്ടാവുമെന്നാണ് സി പി ഐ വ്യക്തമാക്കുന്നത്. പി എം ശ്രീ പദ്ധതിയില്‍ നിന്നും പിന്മാറണമെന്ന ശക്തമായ നിലപാട് തന്നെയാണ് സി പി ഐ ഇപ്പോഴും തുടരുന്നത്.

ഒമാന്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയാല്‍ പ്രശനത്തില്‍ പരിഹാരം ഉണ്ടാക്കുമെന്ന സന്ദേശമാണ് മന്ത്രി വി ശിവന്‍കുട്ടി സിപി ഐ നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. എതിര്‍പ്പുകള്‍ പറഞ്ഞു തീര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിനാടനിടയായ സാഹചര്യം സി പി ഐ നേതൃത്വത്തെ ബോധ്യപ്പെടുത്തുകയായിരുന്നു ശിവന്‍കുട്ടിയുടെ തിടുക്കത്തിലുള്ള എം എന്‍ സ്മാരക മന്ദിര സന്ദര്‍ശനം.

അതേസമയം പി എം ശ്രീ വിവാദത്തിൽ , സംസ്ഥാനതലത്തിൽ ഇരു പാർട്ടികളും തമ്മിൽ ചർച്ച ചെയ്ത് പരിഹാരം കാണാൻ നിർദ്ദേശം നൽകിയെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു. സി പി എം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയുമായി സംസാരിച്ചതിന് ശേഷമാണു ഡി രാജ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ദേശീയ വിദ്യാഭ്യാസ നയത്തെ സിപിഐ പൂർണമായും എതിർക്കുന്നു. സംസ്ഥാന ഘടകങ്ങൾ ചർച്ചചെയ്ത് പരിഹാരം കാണും. ധാരണ പത്രത്തിൽ നിന്നും പിന്മാറണം എന്ന നിലപാടിൽ മാറ്റമില്ല. ഇക്കാര്യമാണ് എം എ ബേബിയോട് ഉന്നയിച്ചത്. ഡി രാജ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് CPIM എന്നും രാജ വ്യക്തമാക്കി.

---------------

Hindusthan Samachar / Roshith K


Latest News