Enter your Email Address to subscribe to our newsletters

Kozhikkode, 25 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസനയത്തിൽ ഇപ്പോൾ കേരളം ശരിയായ നിലപാട് സ്വീകരിച്ചിരിക്കുകയാണെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ നിലപാട് ശരിയായിരുന്നെന്ന് സംസ്ഥാന സർക്കാരും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും അംഗീകരിച്ചുവെന്നും കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷക്കാലം എൻഇപിയുടെ ഭാഗമായുള്ള ന്യൂതനമായ പദ്ധതികൾ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചില്ല. ഇനിയെങ്കിലും സമയം വൈകിച്ച് കുട്ടികളെ ബുദ്ധിമുട്ടിക്കാതെ ഈ അദ്ധ്യയനവർഷം തന്നെ എൻഇപി നടപ്പാക്കാൻ സർക്കാർ ശ്രമിക്കണം. അനാവശ്യമായ വിവാദമുണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഇടതുപക്ഷമാണ് ഇപ്പോഴുള്ള വിവാദങ്ങളുടെ ഉത്തരവാദി. വിദ്യാഭ്യാസമന്ത്രി ദേശീയ വിദ്യാഭ്യാസനയത്തിൽ ഒരു തെറ്റുമില്ലെന്നും ഞാൻ മാറിയെന്നും പറയുന്നത് സ്വാഗതാർഹമാണ്. ഇത്രയും കാലം തടഞ്ഞുവെച്ചതിന് ജനങ്ങളോട് മാപ്പ് പറയാനും ശിവൻകുട്ടി തയ്യാറാവണം. പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത് കാശ് വാങ്ങാൻ മാത്രമാണെന്നും നയങ്ങൾ നടപ്പാക്കില്ലെന്നുമുള്ള സിപിഎം വാദം പരിഹാസ്യമാണ്. കേന്ദ്രസർക്കാർ പറയുന്നതെല്ലാം ഇവിടെയും നടക്കും. കോൺഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പിഎം ശ്രീ നടപ്പാക്കിയതാണ്. കേരളത്തിൽ കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളം ഈ രാജ്യത്തിൻറെ ഭാഗം തന്നെയാണെന്ന് എല്ലാവരും മനസിലാക്കണം. കരിക്കുലം പരിഷ്ക്കരണത്തിൽ കേന്ദ്രത്തിനും ഇടപെടാം. വിദ്യാഭ്യാസം കൺകറൻറ് ലിസ്റ്റിലുള്ളതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും വിദ്യാഭ്യാസകാര്യത്തിൽ ഇടപെടാം. കോൺഗ്രസ് തമസ്ക്കരിച്ച ചരിത്രം മോദി സർക്കാർ പഠിപ്പിക്കും. വീർ സവർക്കറെയും ഡോക്ടർ ഹെഡ്ഗവാറിനെയും പണ്ഡിറ്റ് ദീൻദയാലിനെയും പറ്റിയെല്ലാം കുട്ടികൾ പഠിക്കട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.
സിപിഐയെ പോലെ നിലപാടില്ലാത്ത വേറൊരു പാർട്ടി രാജ്യത്തില്ല. സിപിഐ കുരയ്ക്കും പക്ഷെ കടിക്കില്ല. ബിനോയ് വിശ്വം പറഞ്ഞതൊന്നും ഇതുവരെ നടന്നിട്ടില്ല. മാവോയിസ്റ്റ് വേട്ട നടപ്പാകില്ലെന്നാണ് സിപിഐ പറഞ്ഞത്. അതൊന്നും നടന്നില്ല. റേഷൻ പരിഷ്ക്കരണത്തെ എതിർത്തവരാണ് സിപിഐ. അവരുടെ മന്ത്രി ഭരിക്കുന്ന വകുപ്പ് തന്നെ വൺ ഇന്ത്യ വൺ റേഷൻ കാർഡ് നടപ്പാക്കി. ബിനോയ് വിശ്വം പറഞ്ഞാൽ ഒരു സിപിഐ മന്ത്രി പോലും രാജിവെക്കില്ല.
ആയുഷ്മാൻ ആരോഗ്യ മന്ദിർ പദ്ധതി നടപ്പാക്കില്ലെന്ന് പറഞ്ഞവർ അത് നടപ്പാക്കി. പൗരത്വ രജിസ്റ്ററും കേരളത്തിൽ നടപ്പായിരിക്കുകയാണ്. കേന്ദ്രസർക്കാർ എന്ത് തീരുമാനിച്ചാലും അത് കേരളത്തിലും നടപ്പാക്കും. എസ്ഐആറും കേരളത്തിൽ നടപ്പിലാക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്ഐആർ കേരളത്തിലും നടപ്പാക്കും. വഖഫ് നിയമംഅംഗീകരിക്കില്ലെന്ന് പറഞ്ഞ് ഭരണ- പ്രതിപക്ഷം പാസാക്കിയ പ്രമേയമെല്ലാം മേശയിൽ വെച്ചാൽ മതിയെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
---------------
Hindusthan Samachar / Sreejith S