Enter your Email Address to subscribe to our newsletters

Kerala, 25 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് തലസ്ഥാനത്ത് യുവജന സംഘടനകളുടെ ശക്തമായ പ്രതിഷേധ മാര്‍ച്ച്. എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതോടെ സമരക്കാര്‍ ബാരിക്കേഡ് തള്ളിമറിക്കാൻ ശ്രമിച്ചു. പ്രതിഷേധ മാര്‍ച്ചില്‍ സംഘർഷമുണ്ടായതിനെ തുടർന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഇത് കേരളത്തിന്‍റെ മാത്രം പ്രശ്നമല്ലെന്നും പുത്തൻ ദേശീയ വിദ്യാഭ്യാസ നയം പിഎം ശ്രീയുടെ പേരില്‍ നടപ്പാക്കാനാണ് ശ്രമമെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് നേതാക്കൾ പ്രതികരിച്ചു.
പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതില്‍ പ്രതിഷേധിച്ച് കെ എസ് യു പ്രവര്‍ത്തകരും പ്രതിഷേധിച്ചു. കോഴിക്കോട് ഡി ഡി ഇ ഓഫീസിലേക്കാണ് പ്രവർത്തകർ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി . തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടേയും വിദ്യാഭ്യാസ മന്ത്രിയുടേയും കോലം കത്തിച്ചു.
അതേസമയം കേന്ദ്ര സർക്കാരിൻ്റെ പിഎം ശ്രീ കരാറിൽ സർക്കാർ ഒപ്പിട്ടത് അതീവ രഹസ്യമായെന്ന് വിവരം. കരാറിൽ ഒപ്പുവെക്കുന്ന കാര്യം സിപിഎം മന്ത്രിമാരും സിപിഎമ്മിൻ്റെ മുതിർന്ന നേതാക്കളും അറിഞ്ഞില്ല . സിപിഎം മന്ത്രിമാർ ഇക്കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. സിപിഎം നേതാക്കളെയും സർക്കാർ വിശ്വാസത്തിലെടുത്തില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് സർക്കാരിൻ്റെ തീരുമാനം എന്നാണ് നിലവിൽ ലഭ്യമായ വിവരം.
ദില്ലി എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി രാജ വ്യക്തമാക്കി. തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ പറഞ്ഞു.
---------------
Hindusthan Samachar / Roshith K