Enter your Email Address to subscribe to our newsletters

Iritty, 25 ഒക്റ്റോബര്‍ (H.S.)
ഇരിട്ടി: മലിനമായ ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന കടകൾ കണ്ടെത്തി ഇരിട്ടി നഗരസഭയിലെ ആരോഗ്യ വിഭാഗം. നഗരത്തിൽ മാലിന്യങ്ങൾ തള്ളിയ കിണറ്റിലെ വെള്ളം ഉപയോഗിച്ച് ഏതാനും കടകൾ പ്രവർത്തിക്കുന്നതായാണ് നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയത് .
ഇതേതുടർന്ന് കിണറ്റിൽ നിന്നു കെട്ടിടത്തിനു മുകളിലെ ടാങ്കിലേക്കു വെള്ളമെത്തിക്കുന്ന പൈപ്പുകളും മറ്റു ജലവിതരണ സംവിധാനങ്ങളും ആരോഗ്യവിഭാഗം മുറിച്ചു മാറ്റുകയും വെള്ളം ഉപയോഗിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുകയും ചെയ്തു. ഇരിട്ടി മേലേ സ്റ്റാൻഡിൽ പാലത്തിനു സമീപത്തെ ഇരുനില കെട്ടിടത്തിലെ ഇറച്ചിവിൽപന ശാലകൾ അടക്കമുള്ള കടകളാണു മലിനജലം ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
ഇവിടങ്ങളിലേക്കു വെള്ളം പമ്പ് ചെയ്തിരുന്ന കിണർ കാടുമൂടി ആർക്കും കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതിനു ചുറ്റുമായി ടൗണിലെ പഴം – പച്ചക്കറി – തെരുവുകച്ചവടക്കാർ കൊണ്ടുവന്നു തള്ളുന്ന മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന നിലയിലുമായിരുന്നു. ടൗണിലെ മാലിന്യങ്ങൾ ചിലർ കിണറ്റിലേക്കും വലിച്ചെറിഞ്ഞിരുന്നതായും ആരോഗ്യ വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് പരിശോധന നടത്തിയത്.
കിണറ്റിൽനിന്നു വെള്ളമെത്തുന്ന കെട്ടിടത്തിന് മുകളിലെ ടാങ്ക് പരിശോധിച്ചപ്പോൾ ഇതിലും വലിയ തോതിൽ മാലിന്യങ്ങൾ കണ്ടെത്തി. ഇതോടെ കിണറ്റിൽ നിന്നും ടാങ്കിലേക്കും ടാങ്കിൽ നിന്നും കെട്ടിടത്തിലേക്കും വെള്ളമെത്തിക്കുന്ന എല്ലാ പൈപ്പുകളും ആരോഗ്യ വിഭാഗം മുറിച്ചുമാറ്റി. ഈ കിണർ വെള്ളം ഇനിമുതൽ ഉപയോഗിക്കരുതെന്ന കർശന നിർദേശവും കട ഉടമകൾക്കു നൽകി.
ഇതിനു പുറമെ, മേലെ സ്റ്റാൻഡിൽ റോഡരികിൽ പ്രവർത്തിക്കുന്ന ചിപ്സ്, പഴം, പച്ചക്കറി കടകളിലും പരിശോധന നടത്തി. ചിപ്സ് നിർമാണത്തിനായി ഉപയോഗിക്കുന്ന എണ്ണ ഏറെ പഴക്കമുള്ളതായി കണ്ടെത്തിയതിനെത്തുടർന്നു എണ്ണ നീക്കം ചെയ്യാൻ നിർദേശം നൽകി.
---------------
Hindusthan Samachar / Roshith K