Enter your Email Address to subscribe to our newsletters

Thrissur, 26 ഒക്റ്റോബര്‍ (H.S.)
അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് സർപ്രൈസുമായി അരിമ്പൂർ നിവാസികൾ. അങ്കണവാടിക്കായി നിർമിച്ച കെട്ടിടത്തിന് 'കളക്ടേഴ്സ് ഡ്രീം' എന്ന പേര് നൽകിയാണ് നാട്ടുകാർ സ്നേഹം അറിയിച്ചത്. കളക്ടറാണ് തർക്കങ്ങളെ തുടർന്ന് പാതി വഴിയിൽ നിലച്ച കെട്ടിട നിർമാണം പൂർത്തിയാക്കാൻ ഇടപെട്ടത്.
അരിമ്പൂർ അഞ്ചാംകല്ലിൽ നിർമിച്ച 110-ാം നമ്പർ ഹൈടെക് അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയ കളക്ടർ അർജുൻ പാണ്ഡ്യൻ ആദ്യം ഒന്ന് അമ്പരന്നു. കെട്ടിടത്തിൽ രേഖപ്പെടുത്തിയ പേരിനെ കുറിച്ച് ചോദിച്ചറിഞ്ഞതോടെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. 25 വർഷമായി വാടക കെട്ടിടങ്ങളിലാണ് അങ്കണവാടി പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിയമപ്രശ്നങ്ങൾ കാരണം തടസപ്പെട്ടു. മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ മറ്റൊരു അങ്കണവാടിയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കളക്ടർ അഞ്ചാംകല്ലിലെ അങ്കണവാടിയുടെ പ്രശ്നത്തെ കുറിച്ചറിഞ്ഞത്. വിഷയത്തിൽ വേഗത്തിൽ ഇടപെട്ട് പരിഹാരം കാണാൻ കളക്ടർക്ക് സാധിച്ചു. ഇതാണ് കെട്ടിടത്തിന് കളക്ടേർസ് ഡ്രീം എന്ന് പേരിടാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിൽ ലഭിച്ച വലിയ ബഹുമതിയെന്ന് കളക്ടർ പ്രതികരിച്ചു.
അരിമ്പൂർ പഞ്ചായത്തിലെ 16ാം വാർഡിൽ 32 ലക്ഷം രൂപ ചെലവഴിച്ചാണ് ഹൈടെക് അങ്കണവാടി കെട്ടിടം നിർമിച്ചത്. ടി.എൻ. പ്രതാപൻ എംപി ആയിരുന്നപ്പോഴാണ് നിർമാണത്തിനായി ഫണ്ട് അനുവദിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR