Enter your Email Address to subscribe to our newsletters

Adimali, 26 ഒക്റ്റോബര്‍ (H.S.)
അടിമാലി മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയപാത നിർമ്മാണം നിർത്തിവെക്കാൻ ഉത്തരവിട്ട് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്.
മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക ടീം രൂപികരിച്ചു.
ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, സോയില്‍ കണ്‍സർവേഷൻ ഓഫീസർ, ഗ്രൗണ്ട് വാട്ടർ വകുപ്പ് ജില്ലാ ഓഫീസർ, പൊതുമരാമത്ത് ദേശിയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ, ദേശീയപാത അതോരിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ദേവികുളം തഹസില്‍ദാർ എന്നിവർക്ക് രണ്ടു ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും നാല് ദിവസത്തിനകം വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നല്‍കി. പഠന റിപ്പോർട്ട് ലഭ്യമാകുന്നത് വരെ മണ്ണിടിച്ചില്‍ ദുരന്ത സാധ്യതയുള്ള എൻഎച്ച് 85 ലെയും ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ ദേശിയപാത അതോറിറ്റി പ്രൊജക്‌ട് ഡയറക്ടർക്ക് നിർദേശം നല്‍കി. റോഡിലും വിടുകളിലേക്കും ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യുന്നതിന് ഉത്തരവില്‍ അനുവാദം നല്‍കിയിട്ടുണ്ട്.
കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ അടിമാലി കൂമ്ബൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ബിജു എന്ന യുവാവിന് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഇയാളുടെ ഭാര്യ നിലവില്‍ ചികിത്സയിലാണ്. ആലുവ രാജഗിരി ആശുപത്രിയില്‍ വിദഗ്ധ ചികിത്സയിലാണ് സന്ധ്യ. സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാല്‍മുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തേല്‍ പറഞ്ഞു. ഒമ്ബതു മണിക്കൂറോളം ഇടതു കാലില്‍ രക്തയോട്ടം ഉണ്ടായിരുന്നില്ല. ഇടതുകാല്‍ മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. വലതു കാലിലില മസിലുകള്‍ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തയോട്ടമുണ്ട്. ശരീരത്തിലെ മറ്റു അവയവങ്ങള്‍ക്ക് കേടുപാടില്ല. രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ നിരീക്ഷണവും ചികിത്സയും നല്‍കുന്നുണ്ട്. സന്ധ്യയെ അർദ്ധബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഭർത്താവ് മരിച്ച കാര്യം സന്ധ്യ അറിഞ്ഞിട്ടില്ല.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR