Enter your Email Address to subscribe to our newsletters

Kerala, 26 ഒക്റ്റോബര്‍ (H.S.)
ആലപ്പുഴ: കടലാസ് കമ്പനിയുടെ പങ്കാളിയാക്കാമെന്ന് വാഗ്‌ദാനം ചെയ്ത് വിരമിച്ച സർക്കാർ ജീവനക്കാരൻ്റെ ഒരു കോടി തട്ടിയ കേസിൽ പ്രതി പിടിയിൽ. ചുനക്കര കരിമുളക്കൽ സാജൻ നിവാസിൽ എസ് സാജൻ (42) ആണ് നൂറനാട് പൊലീസിൻ്റെ പിടിയിലായത്. ചാരുംമൂട് സ്വദേശി, സംസ്ഥാന കശുവണ്ടി കോർപറേഷനിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ്റെ ഒരു കോടി തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്എസ്ആർ ഡിസ്റ്റിലറീസ് എന്ന മദ്യനിർമ്മാണ സ്ഥാപനത്തിന്റെ പാർട്‌ണറെന്ന് പരിചയപ്പെടുത്തിയാണ് സാജൻ തട്ടിപ്പ് നടത്തിയത്. കേരള ബിവറേജസ് കോർപ്പറേഷനിൽ മദ്യ ബ്രാൻഡുകൾ ഡിസ്ട്രിബ്യൂഷൻ നടത്തുന്നതിന് പ്രമോട്ടറായി കമ്പനിയിൽ ചേർക്കാമെന്നായിരുന്നു വാഗ്‌ദാനം. കേസിൽ കൂട്ടുപ്രതികളാണെന്ന് സംശയിക്കുന്ന സാജൻ്റെ ഭാര്യയടക്കമുള്ളവർ ഒളിവിലാണ്.
2019 ൽ സാജനും രണ്ട് സുഹൃത്തുക്കളും ചേർന്നു എറണാകുളത്തെ കാക്കനാട് ഒരു മുറി വാടകയ്ക്ക് എടുത്ത് എസ്എസ്ആർ ഡിസ്റ്റിൽഡ് ആൻഡ് ബോട്ടിൽഡ് സ്പിരിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചിരുന്നു. പഞ്ചാബിലെ മദ്യനിർമ്മാണ കമ്പനി ഉത്പാദിപ്പിക്കുന്ന മദ്യം കേരള ബീവറേജസ് കോർപ്പറേഷന് വിതരണം ചെയ്യാനായിരുന്നു ശ്രമം. എന്നാൽ ഇതിനുള്ള ലൈസൻസ് ലഭിച്ചില്ല.
ബിസിനസ് നടക്കാതെ വന്നതോടെ പലരെയും സമീപിച്ച് കമ്പനിയിലേക്ക് നിക്ഷേപം നടത്താൻ തുടങ്ങി. ചാരുംമൂട് സ്വദേശിയിൽ നിന്ന് ഇങ്ങനെയാണ് 2022-2024 കാലത്ത് ഒരു കോടി രൂപ വാങ്ങിയത്
---------------
Hindusthan Samachar / Roshith K