Enter your Email Address to subscribe to our newsletters

Adimali, 26 ഒക്റ്റോബര്‍ (H.S.)
അടിമാലിയില്‍ കൂമ്ബൻപാറയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് വീടിനകത്ത് കുടുങ്ങിയതിന് പിന്നാലെ മരണപ്പെട്ട ബിജുവിന്റെ മകൻ ക്യാൻസർ ബാധിച്ച് ഒരുവർഷം മുൻപ് മരണപ്പെട്ടതായി ബന്ധുക്കള്‍.
ഈ ആഘാതത്തില്‍ കഴിയുമ്ബോഴാണ് കുടുംബത്തെ തേടി വീണ്ടും ദുരന്തമെത്തിയത്.
ഇന്നലെ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ ദമ്ബതികളായ ബിജുവും സന്ധ്യയും അപകടത്തില്‍ പെടുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവില്‍ ഇരുവരേയും പുറത്തെത്തിച്ചെങ്കിലും ബിജുവിൻ്റെ ജീവൻ രക്ഷിക്കാനായില്ല. ബിജുവിൻ്റെ മകള്‍ കോട്ടയത്ത് നേഴ്സിംഗ് വിദ്യാർത്ഥിനിയാണ്.
ബിജുവിന് തടിപ്പണിയായിരുന്നുവെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് ബിജുവിൻ്റെ മകന് ക്യാൻസർ ബാധിക്കുന്നത്. ചികിത്സ നടത്തിയെങ്കിലും ഒരു വർഷം മുമ്ബ് മരിച്ചു. ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിക്കിടയിലും മകളെ പഠിപ്പിക്കുന്നുണ്ടായിരുന്നു. മറ്റു വരുമാന മാർഗങ്ങള്‍ ഒന്നുമില്ല. 15 സെൻ്റ് സ്ഥലമുണ്ടായിരുന്നു. ഇവിടെ വീട് വെച്ച് 10 വർഷത്തോളമായെന്നും റോഡിൻ്റെ പണി വന്നതാണ് പ്രശ്നമായതെന്നും പിതാവ് പറഞ്ഞു.
വീടിന് മുകളില്‍ മണ്ണിടിഞ്ഞ് അപകടം ഉണ്ടായത് ദമ്ബതികള്‍ വീട്ടില്‍ സർട്ടിഫിക്കറ്റ് എടുക്കാൻ തിരികെയെത്തിയപ്പോള്‍.
മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ മാറിത്താമസിച്ചിരുന്നുവെങ്കിലും സർട്ടിഫിക്കറ്റുകളെടുക്കാനായി തിരിച്ചുവരുന്നതിനിടെയാണ് ബിജുവും സന്ധ്യയും അപകടത്തില്‍പെട്ടതെന്ന് സന്ധ്യയുടെ പിതാവ് പറഞ്ഞു. അപ്രതീക്ഷിതമായ ദുരന്തമായിരുന്നുവെന്നും മകള്‍ വീട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടുവെന്നും പിതാവ് പറഞ്ഞു.
22 കുടുംബങ്ങളെ സമീപത്തെ സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നുവെങ്കിലും രേഖകള്‍ സൂക്ഷിച്ചുവെക്കുന്നതിനായാണ് ഇരുവരും വീട്ടിലേക്ക് തിരിച്ചുപോയതെന്നാണ് പ്രാഥമിക രക്ഷാപ്രവർത്തകരുടെയും നിഗമനം. കുടുങ്ങിക്കിടക്കുമ്ബോഴും രക്ഷാപ്രവർത്തകരുമായി സന്ധ്യ ആശയവിനിമയം നടത്തിയിരുന്നുവെന്നും അവർ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബിജുവിന് ജീവൻ നഷ്ടമാകുകയായിരുന്നു. പരിക്കേറ്റ ഭാര്യ സന്ധ്യയെ വിദഗ്ധ ചികിത്സക്കായി ആലുവയിലെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് അടിമാലിയില്‍ വീടുകള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR