Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: ജ്വല്ലറി ഉടമയെ ഓട്ടോയിൽ കൂട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പ്രശാന്തി ഭവനിൽ മാരി എന്ന ബിനുരാജാണ് (27) പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയാണ് ബിനുരാജ്. സംഭവത്തിൽ നാലു പേർ നേരത്തെ പിടിയിലായിരുന്നു. ആറ്റിങ്ങൽ ബൈപ്പാസിലെ രാമച്ചംവിളയിൽ സെപ്റ്റംബർ 25ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ചിറയിൻകീഴ് ശ്രീകൃഷ്ണ ജ്വല്ലറി ഉടമ നഗരൂർ ആൽത്തറമൂട് സ്വദേശി സാജനെയും, സുഹൃത്ത് ബിജുവിനെയുമാണ് ആക്രമിച്ചത്.
സംഭവത്തിൽ കടുവയിൽ കടമ്പാട്ടുകോണം സ്വദേശി മഹി മോഹൻ (23), വേളാർക്കുടി സ്വദേശി ശരത്ത് (28), രാമച്ചംവിള സ്വദേശി അനൂപ് (27) , കോളിച്ചിറ സ്വദേശി അഭിലാഷ് (39) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.
കല്ലറയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ പണയ സ്വർണം എടുത്തു വിൽക്കാനുണ്ട് എന്നു പറഞ്ഞ കൂട്ടിക്കൊണ്ടു പോയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. രാമച്ചംവിളയിൽ എത്തിയപ്പോൾ മുളക് പൊടി മുഖത്തെറിഞ്ഞ ശേഷം ആക്രമിക്കുകയായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന രണ്ടര ലക്ഷം രൂപയുമായി പ്രതികൾ കടന്നു. നാലു പേർ നേരത്തെ പിടിയിലായിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല.
ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജെ. അജയന്റെ നേതൃത്വത്തിൽ എസ്‌ഐ ജിഷ്ണു, എസ്‌ഐ ബിജു, സിപിഒമാരായ ഷംനാദ്, അനന്തു, ദീപു കൃഷ്ണൻ എന്നിവർചേർന്നാണ് അറസ്റ്റുചെയ്തത്
---------------
Hindusthan Samachar / Roshith K