Enter your Email Address to subscribe to our newsletters

Kochi, 26 ഒക്റ്റോബര്‍ (H.S.)
അഴിമതിയുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ. ഒക്ടോബർ 27 മുതൽ നവംബർ രണ്ടുവരെ വിജിലൻസ് സംഘടിപ്പിക്കുന്ന അഴിമതിക്കെതിരെയുള്ള ബോധവൽക്കരണ വാരവുമായി ബന്ധപ്പെട്ട വീഡിയോ കൂടി പങ്കുവച്ച് കൊണ്ടാണ് ദിവ്യയുടെ പോസ്റ്റ്. “അഴിമതി അവകാശമാക്കാൻ ശ്രമിക്കുന്നവരും അഴിമതിക്കാരെ വിശുദ്ധരാക്കാൻ അധ്വാനിക്കുന്നവരും ഉള്ളപ്പോൾ എങ്ങനെ പ്രതികരിക്കാനാണ്, ഉദ്യമത്തിന് ആശംസകൾ” എന്നാണ് ദിവ്യയുടെ കുറിപ്പ്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം ഹർജി സമർപ്പിച്ചതിനു പിന്നാലെയാണ് പി.പി. ദിവ്യ പോസ്റ്റ് പങ്കുവച്ചത്. 65 ലക്ഷം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടാണ് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഹർജി സമർപ്പിച്ചത്. ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വലിയരീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്.
കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് പി.പി. ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച ടി.വി. പ്രശാന്തൻ എന്നിവരെ എതിർകക്ഷികളാക്കിയാണ് കുടുംബം ഹർജി നൽകിയത്. പത്തനംതിട്ട സബ്‌കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. ദിവ്യക്കും പ്രശാന്തിനും സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11ന് ഹാജരാകാനാണ് കോടതി നിർദേശം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR